ശ്രീനിവാസനെ സിനിമയിലേക്ക് വഴി നടത്തിയ ആത്മമിത്രം സുരേഷ് ചന്ദ്രൻ

Sunday 21 December 2025 12:00 AM IST

കൽപ്പറ്റ: ശ്രീനിവാസനെ സിനിമയിലേക്ക് വഴി നടത്തിയത് മട്ടന്നൂർ എൻ.എസ്.എസ്‌ കോളേജിലെ ഒരു സഹപാഠിയാണ്- അന്തരിച്ച കമ്മ്യൂണിസ്റ്റ്‌ നേതാവ് കൽപ്പറ്റക്കാരൻ ടി. സുരേഷ് ചന്ദ്രൻ.

മദിരാശി ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാൻ പോകാൻ വണ്ടിക്കൂലി തികയാതെ വന്നപ്പോൾ ശ്രീനിവാസന് പണം നൽകി സഹായിച്ചത് സുരേഷ് ചന്ദ്രനാണ്. സുരേഷ് ചന്ദ്രന്റെ നിര്യാണത്തിനുശേഷമാണ് ഇക്കാര്യം പലരും അറിയുന്നത്. കഥ പറയുമ്പോൾ എന്ന സിനിമയിലെ ബാലചന്ദ്രൻ യഥാർത്ഥത്തിൽ സുരേഷ് ചന്ദ്രനായിരുന്നു. 2009 ലെ പത്മപ്രഭ അവാർഡ് ദാനച്ചടങ്ങിൽ പ്രസംഗിക്കുമ്പോൾ ശ്രീനിവാസൻ ഇക്കാര്യം വികാരാധീനനായി ഓർമ്മിച്ചു . 'വർഷങ്ങൾക്കു മുമ്പ് മദിരാശി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പഠിക്കാൻ പുറപ്പെടുമ്പോൾ കാശ് കിട്ടിയില്ല. കൈയിൽ ഉണ്ടായിരുന്ന ചില്ലറക്കാശുമായി കൽപ്പറ്റയ്ക്ക് വണ്ടി കയറി. കൽപ്പറ്റയിലെ സുഹൃത്ത് നൽകിയ പണമാണ് മലയാള സിനിമയിലേക്കുള്ള ചുവടുവയ്പ്പിന് വഴിയൊരുക്കിയത് "-ശ്രീനിവാസൻ പറഞ്ഞു.

കഥ പറയുമ്പോൾ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ അശോക് രാജ് തന്റെ ബാല്യകാല സുഹൃത്തായ ബാലചന്ദ്രനെക്കുറിച്ച് വികാരാധീനനായി സംസാരിക്കുമ്പോൾ സദസിൽ ബാലചന്ദ്രനായി ശ്രീനിവാസൻ ഉണ്ടായിരുന്നതുപോലെ അന്ന് സുരേഷ് ചന്ദ്രനും ശ്രീനിവാസന്റെ വാക്കുകൾ കേട്ടിരുന്നു.

2023 ലാണ് സുരേഷ് ചന്ദ്രൻ മരിക്കുന്നത്. അസുഖബാധിതനായി ചികിത്സയിലായിരുന്നതിനാൽ ശ്രീനിവാസൻ മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ കഥാപാത്രവും സുരേഷ് ചന്ദ്രന്റെ കൽപ്പറ്റയിലെ പ്രിന്റിംഗ് പ്രസുമായി ബന്ധപ്പെട്ട് വളർന്നുവന്നതാണ്. കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ സുരേഷ് ചന്ദ്രൻ നാടക പ്രവർത്തകനായിരുന്നു. കൽപ്പറ്റ മാതൃഭൂമിക്ക് സമീപം സ്റ്റേഷനറിക്കട നടത്തിയിരുന്നു. ആ കാലയളവിൽ സുരേഷ് ചന്ദ്രന്റെ വീട്ടിലെ അതിഥിയായിരുന്നു ശ്രീനിവാസൻ.