കൈയിലെഴുതിയ 'വിധി':  കൈനോട്ടക്കാരനെ തെരഞ്ഞ ശ്രീനി 

Sunday 21 December 2025 12:00 AM IST

കണ്ണൂർ: പ്രീ ഡിഗ്രി പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന കാലം . ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം.സുഹൃത്തായ കുമാരൻ മാഷിന്റെ നിർബന്ധത്തിലാണ് കൂത്തുപറമ്പ് ബസ് സ്റ്റാന്റിനടുത്തുള്ള കൈനോട്ടക്കാരന്റെ മുന്നിൽ ശ്രീനിവാസൻ ഇരുന്നത്.പക്ഷേ ശ്രീനിയോ സുഹൃത്തോ ചിന്തിക്കാത്ത കാര്യമാണ് കൈനോട്ടക്കാരൻ പറഞ്ഞത്.'' ഈ കൈകളിൽ സിനിമയുടെ ഭാവി തെളിയുന്നു''.കൈനോട്ടത്തിലോ, ദൈവത്തിലോ വിശ്വസിക്കാത്ത ശ്രീനിവാസൻ അതു കേട്ട് സുഹൃത്തിനെ നോക്കി പരിഹാസത്തോടെ ചിരിച്ചു.കൈനോട്ടക്കാരൻ വീണ്ടും പറഞ്ഞു,'നീ സിനിമയിൽ വരും.സിനിമയിലെ പല ജോലികളും ചെയ്യും.രാജ്യത്തിന്റെ തലപ്പത്തുള്ളവരുടെ കൈയിൽ നിന്ന് പുരസ്‌കാരങ്ങൾ വാങ്ങും'.വീട്ടിൽ നിന്നിറങ്ങുമ്പോൾ കണ്ണാടിയിൽ കണ്ട ആ മൊട്ടയടിച്ച സ്വന്തം പേക്കോലത്തെ ഓർമ്മിച്ചപ്പോൾ,സിനിമയെന്നത് വിദൂര സ്വപ്നമായി പോലും തോന്നാത്ത ശ്രീനിവാസന് ചിരി അടക്കാനായില്ല.

വർഷങ്ങൾ കടന്നു പോയി.ശ്രീനിവാസൻ സിനിമയിലെത്തി.തിരക്കഥാകൃത്ത്,നടൻ,സംവിധായകൻ-സിനിമയുടെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചു.'ചിന്താവിഷ്ടയായ ശ്യാമള'യ്ക്ക് ദേശീയ പുരസ്‌കാരം കിട്ടി.രാഷ്ട്രപതിയുടെ കൈയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.വർഷങ്ങൾക്കു ശേഷം ഒരു ദിവസം, കൂത്തുപറമ്പിലൂടെ ശ്രീനി കടന്നു പോയി.ബസ് സ്റ്റാന്റിനരികിലെ ആ പഴയ സ്ഥലം ശൂന്യമായി കിടക്കുന്നത് കണ്ടപ്പോഴാണ് കൈനോട്ടക്കാരനെ ഓർത്തത്.ഒരു ഞെട്ടലോടെ...അയാൾ അന്ന് പറഞ്ഞതെല്ലാം സത്യമായിക്കഴിഞ്ഞിരുന്നു.ശ്രീനിവാസൻ ആ കൈനോട്ടക്കാരനെ തെരഞ്ഞു... പലരോടും അന്വേഷിച്ചു.കൈനോട്ടത്തിൽ വിശ്വാസമില്ലെങ്കിലും,ആ മനുഷ്യന്റെ പ്രവചനം അവിശ്വസനീയമായിരുന്നു. അദ്ദേഹത്തെ കണ്ട് നന്ദി പറയണം...എന്നാൽ കണ്ടെത്താനായില്ല. പിന്നീട് ശ്രീനിവാസൻ പറഞ്ഞു,കഠിനാധ്വാനം, സർഗ്ഗാത്മകത, പ്രതിബദ്ധത - ഇതെല്ലാം കൊണ്ടാണ് തനിക്ക് സിനിമയിൽ എന്തെങ്കിലും ആകാൻ സാധിച്ചത്. അതല്ലെങ്കിൽ ആ പ്രവചനം വെറും വാക്കുകളായി മാറുമായിരുന്നു.എങ്കിലും പിന്നീട് ഓരോ തവണ കൂത്തുപറമ്പിലൂടെ കടന്നു പോകുമ്പോഴും,ശ്രീനിവാസൻ ആ ശൂന്യമായ സ്ഥലത്തേക്ക് ഒരു നോട്ടമെറിഞ്ഞിരുന്നു.