ആ കഥാപാത്രങ്ങൾ നമ്മളിൽ ഒരാൾ

Sunday 21 December 2025 12:00 AM IST

കൊച്ചി: 'ഞാനൊരു സുന്ദരനേ അല്ല ഡോക്ടർ... കറുത്തിട്ടാണ്, ഉയരവും വളരെ കമ്മിയാണ്... " വടക്കുനോക്കിയന്ത്രം സിനിമയിൽ പറയുന്ന ഈ സംഭാഷണത്തിലൂടെ നമുക്കിടയിലെ പലരെയും ശ്രീനിവാസൻ അടയാളപ്പെടുത്തി.

താനാര്, തനിക്കു ചുറ്രുമുള്ള ലോകമെന്ത് എന്നു നന്നായി തിരിച്ചറിഞ്ഞു ശ്രീനിവാസൻ. ആ തിരിച്ചറിവാണ് എഴുത്തുകാരൻ, സംവിധായകൻ, അഭിനേതാവ് എന്നീ മേഖലകളിൽ സ്വന്തം കൈയൊപ്പോടെ നീണ്ട 48 വർഷം മലയാള സിനിമയിൽ ഒറ്റയാനായി നിൽക്കാൻ അദ്ദേഹത്തെ തുണച്ചതും.

എഴുത്തുകാരന്റെ ഭാവനയിൽ ശ്രീനിവാസൻ സൃഷ്ടിച്ച നായക കഥാപാത്രങ്ങൾ മിക്കതും ചുറ്റുവട്ടത്തുള്ള ലൈവ് മനുഷ്യരായിരുന്നു. ഗോപാലകൃഷ്ണ പണിക്കരും (സൻമനസുള്ളവർക്കു സമാധാനം) രാംദാസും (നാടോടിക്കാറ്റ്) മുരളിയും (വരവേൽപ്) പ്രകാശനും (സന്ദേശം) സേതുമാധവനും (മിഥുനം) ശങ്കർ ദാസും (അഴകിയ രാവണൻ) ഉദയഭാനുവും (ഉദയനാണ് താരം) മലയാളിക്ക് സുപരിചിതർ.

ശ്രീനിവാസൻ രൂപംകൊടുത്ത സഹനടൻമാർ പലരും കാരിക്കേച്ചർ സ്വഭാവമുള്ളവരായിരുന്നു. ദാമോദർജിയും (തിലകൻ), പവനായിയും (ക്യാപ്റ്റൻ രാജു) ഗഫൂറും (മാമുക്കോയ) തലമുറ വ്യത്യാസമില്ലാതെ മലയാളികളെ കുടുകുടെ ചിരിപ്പിച്ചു. ചിരിയിലൂടെ ചിന്തിപ്പിക്കുകയും ചുറ്റുമുള്ള പൊള്ളത്തരങ്ങളെ വിളിച്ചുപറയുകയുമായിരുന്നു ശ്രീനിവാസനെന്ന എഴുത്തുകാരൻ.

ഇമേജ് നോക്കുന്ന ഏതൊരു നടനും എടുക്കാൻ മടിക്കുന്ന കഥാപാത്രങ്ങളെ ചെയ്തു ഫലിപ്പിച്ചിടത്തും 'ശ്രീനി ടച്ച് " കാണാം. അപ്പക്കാള (തേൻമാവിൻ കൊമ്പത്ത്), മരുത് (ഒരു മറവത്തൂർ കനവ്), വിജയൻ (നാടോടിക്കാറ്റ്), സരോജ്കുമാർ (ഉദയനാണ് താരം), വിജയൻ (ചിന്താവിഷ്ടയായ ശ്യാമള), തളത്തിൽ ദിനേശൻ (വടക്കുനോക്കിയന്ത്രം), പി.കെ. ഗോപാലകൃഷ്ണൻ (പാവം പാവം രാജകുമാരൻ)... മറ്റുള്ളവർ വക്രിച്ചു ചിരിക്കുന്ന മനുഷ്യർക്ക് കൃത്യമായൊരു മേൽവിലാസമുണ്ടാക്കിക്കൊടുക്കുകയായിരുന്നു. ചാർലി ചാപ്ലിനെപ്പോലെ സ്വന്തം കുറവുകൾകൊണ്ട് ഒരു രാജകൊട്ടാരം തീർത്താണ് ശ്രീനി കടന്നുപോകുന്നത്.