അന്തിക്കാട് നിന്ന് വരമ്പ് കയറി ഇടത്തേക്ക്

Sunday 21 December 2025 12:33 AM IST

തൃശൂർ: രണ്ട് ഗ്രാമങ്ങൾ, തൃശൂരിലെ അന്തിക്കാടും കണ്ണൂരിലെ പാട്യവും. ഇടതു രാഷ്ട്രീയം, കർഷകർ, പാടം, തൊഴിലാളികൾ, നിഷ്‌കളങ്കരും നന്മ നിറഞ്ഞവരുമായ ഗ്രാമീണർ... അന്തിക്കാട് നിന്ന് സത്യനും പാട്യത്ത് നിന്ന് ശ്രീനിവാസനും ഒന്നിച്ചപ്പോൾ മലയാള സിനിമ മറ്റൊരു വയൽവരമ്പിലൂടെ പുതിയൊരു ഭാവുകത്വത്തിന്റെ ഇടത്തേക്കിറങ്ങി.

അതിവൈകാരികതയുടെയും അതിഭാവുകത്വത്തിന്റെയും ഫാന്റസിയുടെയും നിഴലില്ലാതെ തനിനാടൻ മനുഷ്യർ ശുദ്ധമായ ഹാസ്യം പറഞ്ഞ് മലയാള സിനിമയിൽ മുഖം കാണിച്ചു. പിന്നാക്കക്കാരനും പാർശ്വവത്കരിക്കപ്പെട്ടവനുമെല്ലാം തിരശ്ശീലയിൽ നിറഞ്ഞു. എന്തു കൊണ്ടാണ് നിങ്ങൾ ചെന്നൈയിൽ താമസിക്കാതെ അന്തിക്കാട് നിൽക്കുന്നതെന്ന് ഒരിക്കൽ ഒരഭിമുഖത്തിൽ ശ്രീനിവാസൻ സത്യൻ അന്തിക്കാടിനോട് ചോദിക്കുന്നുണ്ട്.

' ഈ നാട്ടിൻപുറത്ത് നിന്ന് കിട്ടുന്നത് മറ്റെവിടെ നിന്നും കിട്ടില്ല. ഒരു പാട് ആളുകളെ അടുത്തറിയാം. അവരുടെ വ്യത്യസ്ത സ്വഭാവങ്ങൾ, സംസാര രീതികൾ, ശൈലികൾ. എന്റെ സിനിമകളിലുള്ളവരിൽ പലരും ഈ നാട്ടിലുണ്ട്. 'അതായിരുന്നു അന്തിക്കാടിന്റെ മറുപടി. അതായിരുരുന്നു ശ്രീനിവാസൻ സിനിമകളിലെയും രസക്കൂട്ട്. സംവിധായകനും തിരക്കഥാകൃത്തും തമ്മിലുളള ബന്ധമായിരുന്നില്ല അത്.

ഇഴ ചേർന്ന

ചിരിയും ചിന്തയും

സത്യൻ - ശ്രീനിവാസൻ കൂട്ടുകെട്ടുകളിലെ കഥകളിൽ ചിരിയും ചിന്തയും സ്വർണ്ണത്തിന് മാറ്റു കൂട്ടും പോലെ ഒന്നിച്ചു. അവയെല്ലാം ഇന്നും പ്രസക്തമായി നില കൊള്ളുന്നു. കേരളീയരുടെ ആശ - നിരാശകളും സെൽഫ് പോസ്റ്റുമോർട്ടവുമെല്ലാം ശ്രീനിവാസന്റെ പേനയിൽ നിന്ന്, സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെ ഒഴുകിപ്പരന്നു. തൊഴിലില്ലായ്മ രൂക്ഷമായ എൺപതുകളിലെ കേരളവും, യൗവനത്തിന്റെ ആശങ്കകളും, മലയാളിയുടെ പൊങ്ങച്ച ഭ്രമവും പ്രവാസികളുടെ ജീവിതവും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചു.

കത്തിപ്പടരുന്ന സാമൂഹിക സത്യങ്ങൾ നർമ്മത്തിൽ ചാലിക്കാനുള്ള ശ്രീനിവാസന്റെ രചനാപരമായ കഴിവിനെ സത്യൻ അന്തിക്കാട് ദൃശ്യവത്കരിച്ചു.. സിനിമയുടെ സാങ്കേതികവും സൗന്ദര്യാത്മകവുമായ ഘടനയെക്കുറിച്ച് ധാരണ നൽകിയത് ശ്രീനിവാസനാണെന്ന് സത്യൻ അന്തിക്കാട് പറയാറുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ കാപട്യങ്ങളും ആശയ വിരുദ്ധതകളും രാഷ്ട്രീയ ജീർണതയും പച്ചയായി പരിഹസിച്ച 'സന്ദേശം' മൂന്ന് പതിറ്റാണ്ടിനപ്പുറവും ചർച്ചയാവുന്നതും ആ കൂട്ടുകെട്ടിന്റെ ഇഴയടുപ്പം കൊണ്ടാണ്.