ശ്രീനിവാസൻ വിസ്മയിപ്പിച്ച പ്രതിഭ: സജി ചെറിയാൻ
തിരുവനന്തപുരം: മലയാള സിനിമയിലെ വിസ്മയകരമായ പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാധാരണക്കാരുടെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിലെത്തിച്ച മറ്റൊരു കലാകാരൻ ഇല്ല. മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ പിറന്നു. മലയാളികൾ നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരനാണ് ശ്രീനിവാസൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ആക്ഷേഹാസ്യത്തിന്റെ മേമ്പൊടിയിട്ട് അവതരിപ്പിച്ച സൃഷ്ടികളെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു.
ശ്രീനിവാസൻ മലയാളത്തിന് നൽകിയ സിനിമകളേറെയും കാലാതീതമായിരുന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചിച്ചു. 1980ൽ പെരിങ്ങളത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലത്താണ് ശ്രീനിവാസനുമായുള്ള സൗഹൃദം തുടങ്ങുന്നത്. അവസാന നാളുവരെ ശ്രീനിവാസനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ആ സൗഹൃദം കാത്തുസൂക്ഷിക്കാനായിട്ടുണ്ട്.
നർമ്മത്തിലൂടെ ആക്ഷേപത്തിന്റെ കൂരമ്പുകൾ തൊടുക്കുമ്പോഴും ശുദ്ധഹൃദയനായ കലാകാരനായിരുന്നു ശ്രീനിവാസൻ. കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സുധാകരൻ എം.പി. താരസങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞ് ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.
ആക്ഷേപ ഹാസ്യത്തിന്റെയും ആത്മപരിഹാസത്തിന്റെയും മഷിക്കൂട്ടിൽ മുക്കി സംഭാഷണങ്ങളും സന്ദർഭങ്ങളും ഒരുക്കി. ഇടതുപക്ഷമുൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിശിതമായി വിമർശിക്കാൻ ശ്രീനിവാസൻ ഒരിക്കലും മടി കാണിച്ചില്ല. ഇടതുപക്ഷത്തിന്റെ വിമർശനാത്മക ബന്ധുവായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു.