കാലത്തെ അതിജീവിച്ച ജീനിയസിന്റെ തൂലിക
ബോധപൂർവ്വം എഴുതാതിരുന്ന തിരക്കഥകളാണ് താൻ മലയാള സിനിമയ്ക്ക് നൽകിയ ഏറ്റവും വലിയ സംഭാവനയെന്ന് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതെന്തു തന്നെയായാലും എഴുതിയ ഡയലോഗുകൾ മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മായാതെ പതിഞ്ഞ മൂർച്ഛയുള്ള നർമ്മത്തിന്റേതായിരുന്നു.ഏറെയും കാലത്തെ അതിജീവിച്ച സംഭാഷണങ്ങൾ .ശ്രീനിവാസൻ സാധാരണക്കാരോട് സംവദിക്കുന്ന ഭാഷയിൽ എഴുതി. പക്ഷെ അതെല്ലാം സാമൂഹിക ജീവിതത്തെ നിരന്തരം അളന്നുതൂക്കി നിരീക്ഷിക്കുന്ന ഒരു ജീനിയസിന്റെ തൂലികയിൽ പിറന്നതായിരുന്നു.
മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച സംഭാഷണ രചയിതാവായിരുന്നു അദ്ദേഹം.പ്രേക്ഷക മനസിൽ അത്രയും ആഴത്തിൽപ്പതിഞ്ഞ സംഭാഷണങ്ങൾ ശ്രീനിയെപ്പോലെ മറ്റാരും എഴുതിയിട്ടുണ്ടാവില്ല. എം.ടിയുടെ സാഹിത്യ ഭംഗി ഉണ്ടായിരുന്നിരിക്കില്ല.എന്നാൽ അതിനേക്കാൾ പതിന്മടങ്ങ് ശക്തിയോടെ മനുഷ്യന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് ശ്രീനിവാസൻ എഴുതിയ പച്ചയായ സംഭാഷണങ്ങൾ മലയാളി ഇന്നും ഉരുവിടുന്നു.ട്രോളുകളും റീലുകളുമായും അവ ആളിപ്പടരുന്നു. യേശുദാസിന്റെ പാട്ടു കേൾക്കാതെ മലയാളിയുടെ ഒരു ദിവസം കടന്നു പോകില്ലെന്നു പറയുന്നതുപോലെ ശ്രീനിവാസന്റെ ഡയലോഗുകൾ കടന്നുവരാതെ മലയാളികളുടെ ചർച്ചകൾ അവസാനിക്കുകയില്ല.കേരളീയ സമൂഹത്തിന്റെ ജീവിത മുഹൂർത്തങ്ങളിൽ നിന്നുമാണ് ശ്രീനി കഥാപാത്രങ്ങളെ സൃഷ്ടിച്ചത്.
മൂന്നു പതിറ്റാണ്ടിനു മുൻപെഴുതിയ 'സന്ദേശ'ത്തിലെ സംഭാഷണങ്ങൾ ഏറ്റവുമൊടുവിൽ സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തെ താരതമ്യപ്പെടുത്തി ജനം ഓർത്തോർത്ത് ചിരിച്ചു. തെറ്റായ രാഷ്ട്രീയ നിലപാടുകളെ, അതേതു പാർടികളുടെയായാലും വിമർശിക്കാൻ ഇത്രയും തന്റേടം കാട്ടിയ മറ്റൊരു ചലച്ചിത്ര പ്രവർത്തകനില്ല.
സിനിമയിൽ അതു വരെയുണ്ടായിരുന്ന ഗ്ളാമർ സങ്കല്പങ്ങളെ പൊളിച്ചടുക്കുന്നതായിരുന്നു ശ്രീനിവാസന്റെ കലാജീവിതം. പ്രിയദർശനുമായി ചേർന്ന് ഹാസ്യ ചിത്രങ്ങളുടെ കൂട്ടുകെട്ടിലേക്ക് വരും മുമ്പ് പി.എ.ബക്കർ,കെ.ജി.ജോർജ് തുടങ്ങിയ കലാധിഷ്ഠിത ചിത്രങ്ങളുടെ അണിയറ ശിൽപ്പികളോടൊപ്പം പ്രവർത്തിച്ചു. വിഖ്യാത സംവിധായകൻ അരവിന്ദന്റെ പ്രശസ്തമായ ചിത്രം ചിദംബരത്തിൽ സ്മിതാ പാട്ടീൽ അവതരിപ്പിച്ച ശിവകാമി എന്ന കഥാപാത്രത്തിന്റെ ഭർത്താവായ മുനിയാണ്ടിയെ അവിസ്മരണീയമാക്കിയതും ശ്രീനിയാണ്. മലയാളത്തിന്റെ കുടുംബ സംവിധായകനായ സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്നുള്ള കൂട്ടുകെട്ട് എന്നെന്നും ഓർക്കുന്ന
അനശ്വര സൃഷ്ടികൾ സമ്മാനിച്ചു.
തിരക്കഥയുടെയും സംഭാഷണത്തിന്റെയും രാജാവായിട്ടും രണ്ട് ചിത്രങ്ങൾ മാത്രമെ സംവിധാനം ചെയ്തുള്ളു.വടക്കു നോക്കിയന്ത്രവും ,ചിന്താവിഷ്ടയായ ശ്യാമളയും.ഈ രണ്ട് ചിത്രങ്ങൾ മാത്രം മതി ശ്രീനിയിലെ യഥാർത്ഥ ജീനിയസിനെ തിരിച്ചറിയാൻ .കലാധിഷ്ഠിതമെന്നോ,ചിരിപ്പടമെന്നോ,വാണിജ്യ സിനിമയെന്നോ വേർതിരിക്കാനാവാതെ പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമകളുടെ ശിൽപ്പിയായിരുന്നു ശ്രീനി. ഏത് തലത്തിലുള്ള സിനിമയായാലും ഇണങ്ങുമായിരുന്നു. ശ്രീനിവാസൻ വിടപറയുമ്പോൾ ,ഒരേ സമയം ചിന്തിക്കാനും ചിരിപ്പിക്കാനും പ്രേക്ഷകനെ പഠിപ്പിച്ച ഈ അതുല്യ കലാകാരന്റെ വിയോഗത്തിൽ കാലം കണ്ണീർ പൊഴിച്ചിരിക്കും. മലയാള സിനിമ ശ്രീനിവവാസനെ വല്ലാതെ മിസ് ചെയ്യും.