മരണമുഖത്തും ശ്രീനിയുടെ കുസൃതിച്ചിരി... (നടൻ എം.മുകേഷ് എം.എൽ.എയുടെ ഓർമ്മക്കുറിപ്പ്)

Sunday 21 December 2025 12:38 AM IST

ശ്രീനി വിടവാങ്ങിയെന്ന വാർത്ത കേട്ട നിമിഷം മുതൽ ഉള്ളിലൊരു ശൂന്യത പടരുകയാണ്. കാണാൻ ചെല്ലുമ്പോഴൊക്കെ ആ ക്ഷീണിച്ച രൂപംകണ്ട് ഉള്ളുലഞ്ഞിട്ടുണ്ട്. പക്ഷെ, അവശതകൾക്കിടയിലും വിരിയുന്ന ഒരു കുസൃതിച്ചിരിയുണ്ടല്ലോ... അതാണ് ശ്രീനിവാസൻ. തന്റെ ശ്വാസം മുട്ടലിനെയും വേദനയെയും പോലും തമാശയാക്കി മാറ്റി​. മരണത്തെപ്പോലും പുഞ്ചിരിയോടെ നേരിട്ട അപൂർവം മനുഷ്യരിലൊരാൾ.

'ഉദയനാണ് താര'ത്തിലെ ഡോ.സരോജ് കുമാറിന്റെ നേരെ ഓപ്പോസിറ്റാണ് യഥാർത്ഥ ജീവിതത്തിലെ ശ്രീനിവാസൻ. ലാളിത്യത്തിന്റെ ആഴക്കടലായിരുന്നു.

'ഓടരുതമ്മാവാ ആളറിയാം' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അമൃത ഹോട്ടലിൽ വച്ചാണ് പരിചയപ്പെടുന്നത്. അടുപ്പമുള്ളവരെപ്പോലെ പെരുമാറി. അതിന്റെ കാരണം ഒരിക്കൽ ചോദിച്ചപ്പോൾ 'നമ്മൾ സെയിം പ്രായക്കാരല്ലേ, നീ പറയുന്നത് എനിക്ക് മനസിലാകും, ഞാൻ പറയുന്നത് നിനക്കും മനസിലാകും' എന്ന് മറുപടി. പിന്നെ ചിരിയാണ്. ഊറിയൂറി ചിരിക്കും. ആ സിനിമയിൽ എനിക്കുവേണ്ടി പ്രിയദർശനോട് വാദിക്കുകയുമുണ്ടായി. 'ബലൂൺ' സിനിമയിൽ സീരിയസ് ആയിരുന്ന ഞാൻ ഈ തമാശച്ചിത്രത്തിൽ എങ്ങിനെയാകുമെന്ന കാര്യത്തിൽ പ്രിയദർശന് ആശങ്കയുണ്ടായിരുന്നു. ശ്രീനിയും ജഗദീഷും ഡയലോഗുകൾ പറയട്ടെ, മുകേഷ് പറഞ്ഞാൽ ശരിയാകുമെന്ന് തോന്നുന്നില്ല എന്ന് പ്രിയദർശൻ പറഞ്ഞപ്പോൾ 'അവൻ ശരിയാക്കും' എന്ന് പറഞ്ഞാണ് തിരുത്തിച്ചത്. മരണവീട്ടിലെ സീനിൽ ഞാൻ കയ്യീന്ന് ഇട്ടൊരു സാധനം പൊട്ടിച്ചു, പ്രിയൻ പൊട്ടിച്ചിരിച്ചു. അതോടെ ഞങ്ങൾ എല്ലാവരും ടീമായി. അഭിനത്തിന് പണം കിട്ടിയിരുന്നില്ല. ശാപ്പാട്, താമസം ഇതൊക്കെയാണ് മിച്ചം. കോളേജിൽ പോയി ഷൈൻ ചെയ്യുകയായിരുന്നു ലക്ഷ്യം. സിനിമയിൽ തുടരുമെന്ന് കരുതിയില്ല. തിരിഞ്ഞുനോക്കുമ്പോൾ വലിയ സൗഹൃദ അനുഭവങ്ങൾ കിട്ടി. അതിൽ ഏറ്റവും മുന്നിലുള്ളത് ശ്രീനിയാണ്. സത്യം പറയുന്നതാണ് ശ്രീനിയുടെ ശീലം, അത് കഥയ്ക്കകത്തും പുറത്തും പാലിച്ചു.

 മലയാള സിനിമയ്ക്ക് നൽകിയ

'ഭയങ്കര' സംഭാവന

താൻ മലയാള സിനിമയ്ക്ക് നൽകിയ ഭയങ്കര സംഭാവനയെപ്പറ്റി ഒരിക്കൽ എന്നോട് പറഞ്ഞു. അത്തരം വർത്തമാനം ഇല്ലാത്തയാളായതുകൊണ്ടു ഞാൻ നെറ്റി ചുളിച്ചു, 1976ൽ 'മണിമുഴക്കം' എന്ന സിനിമയിൽ അഭിനയിച്ചതാണ് മറുപടിയായി പറഞ്ഞത്.

മലയാള സിനിമയെന്നാൽ സൗന്ദര്യമുള്ളവർ മാത്രമുണ്ടായിരുന്ന കാലം.വഴിയാത്രക്കാരൻ പോലും സുന്ദരനായിരിക്കണം. താൻ ആ സിനിമയിൽ അഭിനയിച്ചതോടെ ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് പ്രതീക്ഷ നൽകിയെന്നു ശ്രീനി പറഞ്ഞുവച്ചു.

 ഫ്രണ്ട്സ് ശരിക്കും ത്രില്ല്

ഫ്രണ്ട്സ് സിനിമ പോണ്ടിച്ചേരിയിലും ചെന്നൈയിലും എറണാകുളത്തുമൊക്കെയായിട്ടാണ് ഷൂട്ട് ചെയ്തത്. ഞങ്ങളുടെ ശരിക്കുമുള്ള ഫ്രണ്ട്ഷിപ്പ് ആയിരുന്നു സിനിമയുടെ വിജയം. സിനിമയേക്കാൾ തമാശ പുറത്തായിരുന്നു. അത്രത്തോളം ആസ്വദിച്ച് അഭിനയിച്ചു ഞങ്ങൾ. കൂട്ടുകെട്ട് ശ്രീനിക്ക് ദൗർബല്യമായിരുന്നു. സിഗരറ്റ് വലി വളരെ കൂടുതലായിരുന്നു. ജൈവകൃഷിയും ആഹാര ക്രമീകരണവുമൊക്കെയായി മാറ്റങ്ങൾ ഉണ്ടാക്കിയത് വൈകിയാണ്. ശ്രീനിവാസന്റെ ജീവിതവും സിനിമയുമൊക്കെ ഒരു പ്രത്യേക സർവകലാശാല തന്നെയാണ്. വരുന്നിടത്തുവച്ച് കാണാമെന്ന് കരുതി വാശിയോടെ ജീവിച്ചു, ഇനി ശ്രീനിയില്ല, അതുപോലെ ഒരാളെ കിട്ടുകയുമില്ല.