ദുഃഖം ഉള്ളിലൊതുക്കി കുടുംബ സമേതം മമ്മൂട്ടി
Sunday 21 December 2025 1:41 AM IST
കൊച്ചി: നടൻ ശ്രീനിവാസന് അന്തിമോപചാരമർപ്പിക്കാൻ പ്രിയ സുഹൃത്ത് മമ്മൂട്ടി കുടുംബ സമേതം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലും എറണാകുളം ടൗൺഹാളിലുമെത്തി. വീട്ടിലെത്തിയ മമ്മൂട്ടിക്കരികിൽ ശ്രീനിവാസന്റെ മകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പൊട്ടിക്കരഞ്ഞു. വിനീതിന്റെ കൈകൾ ചേർത്തുപിടിച്ച് മമ്മൂട്ടി ആശ്വസിപ്പിച്ചു. ശ്രീനിവാസന്റെ ഭാര്യ വിമല മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടിയത് ഏവർക്കും നോവായി.
പിന്നീട് എറണാകുളം ടൗൺഹാളിലേക്ക് മൃതദേഹമെത്തിച്ചപ്പോൾ അവിടെയെത്തിയ മമ്മൂട്ടി ചങ്ങാതിക്കരികിൽ ഏറെ നേരം ഇരുന്നു. മക്കളായ വിനീതിനെയും ധ്യാനിനെയും ആശ്വസിപ്പിച്ചു. നടൻ മോഹൻലാലുമായി സംസാരിച്ചിരുന്ന ശേഷം ഇരുവരും ഒരുമിച്ച് മൂന്ന് മണിയോടെ മടങ്ങി. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടിയും ടൗൺഹാളിലെത്തി ആദരാഞ്ജലിയർപ്പിച്ചു.