ഇന്ന് ലോക ധ്യാനദിനം ഹൃദയത്തെ പൂർണമാക്കി പരിവർത്തനം

Sunday 21 December 2025 2:51 AM IST

മനസിന്റെ സങ്കീർണതകളിൽ നിന്ന് ഹൃദയത്തിന്റെ ലാളിത്യത്തിലേക്കുള്ള യാത്രയാണ് ധ്യാനം. ആന്തരിക ആനന്ദം പകരുന്ന, ഹൃദയത്തിന്റെ സഹജമായ മാർഗം- ഇന്ന് ലോക ധ്യാന ദിനമാണ്. കഴിഞ്ഞ വർഷമാണ് ഐക്യരാഷ്ട്രസഭ ഡിസംബർ 21 ലോക ധ്യാന ദിനമായും, ഇന്ത്യയെ ആഗോള പങ്കാളിയായും പ്രഖ്യാപിച്ചത്. എന്തുകൊണ്ട് ഈ ദിനം എന്നൊരു ചോദ്യം സ്വാഭാവികമാണല്ലോ. സൂര്യൻ ദക്ഷിണായനം പൂർത്തിയാക്കി പുണ്യകാലമായ ഉത്തരായനത്തിലേക്ക് കടക്കുന്ന ഈ ദിനം ആദ്ധ്യാത്മിക സാധനകൾ തുടങ്ങാൻ അനുയോജ്യമാണെന്നാണ് വിലയിരുത്തൽ.

ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലോകമെമ്പാടും ഇന്ത്യൻ സമയം രാത്രി എട്ടു മുതൽ 8.20 വരെ യു ട്യൂബ് ചാനലിലൂടെ ധ്യാനം നടക്കും. ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ഗൈഡും ശ്രീരാമചന്ദ്ര മിഷൻ അദ്ധ്യക്ഷനുമായ ദാജി എന്ന കമലേഷ് ഡി. പട്ടേൽ ആണ് ഹൈദരാബാദ് ആസ്ഥാനമായ കൻഹ ശാന്തിവനിൽ നിന്ന് തത്സമയ ധ്യാനപരിപാടി നയിക്കുക. 160 രാജ്യങ്ങളിൽ നിന്നുള്ള കോടിക്കണക്കിനു പേർ ദാജിക്കൊപ്പം ധ്യാനനിരതരാകും. കൂട്ടായ ബോധത്തിലൂടെ ആഗോള ഐക്യവും സമാധാനവും എന്നതാണ് ഈ ധ്യാനപരിപാടിയുടെ സന്ദേശം.

ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ഹൃദയ കേന്ദ്രീകൃതമാണ്. ഏറ്റവും ശക്തമായ വൈദ്യുത കാന്തിക മണ്ഡലം സൃഷ്ടിക്കുന്ന അവയവമാണ് ഹൃദയം. അതുകൊണ്ടുതന്നെ, പൊതുവായ ലക്ഷ്യത്തോടെ അനേക എദയങ്ങൾ ധ്യാനത്തിൽ ഒന്നിക്കുമ്പോൾ ഒരു കൂട്ടായ ബോധം (കളക്റ്റീവ് കോൺഷ്യസ്നെസ്) ഉരുത്തിരിയും. അത് മനുഷ്യന്റെ പരിവർത്തന ശക്തിയായി മാറും. ഐക്യത്തിന്റെയും സമാധാനത്തിന്റെയും ശക്തമായ പ്രഭാവം സൃഷ്ടിക്കും. ഹൃദയത്തിന്റെ ചോദനകളാണ് നമ്മുടെ ജീവിതത്തെ നയിക്കുന്നത്. ആ ചോദനകൾക്കു കാതോർത്ത്, അവയെ സ്വാംശീകരിക്കുമ്പോൾ ജീവിതത്തിന്റെ പൂർണ നിയന്ത്രണം നേടാൻ പഠിക്കും. ഹാർട്ട്ഫുൾനെസ് മെഡിറ്റേഷൻ ഹൃദയത്തെയും മനസിനെയും ചേർത്തുനിറുത്തി സമചിത്തതയും തെളിമയും കൈവരുത്തുന്നു.

പ്രത്യേക പരിശീലനമോ ആസനമോ ആവശ്യമില്ലാതെ,​ അവരവരുടെ അറിവിനും വിശ്വാസത്തിനും അനുരൂപമായ എന്തിനെയും ധ്യാനിക്കാമെന്നാണ് ദാജിയുടെ സങ്കല്പം. ഉദാഹരണത്തിന്, ഹിന്ദുവിന് ദിവ്യപ്രകാശം,​ മുസ്ളിം മത വിശ്വാസികൾക്ക് നൂർ ഇലാഹി,​ ക്രിസ്തുമത വിശ്വാസികൾക്ക് യേശുവിന്റെ സ്‌നേഹം​,​ മറ്റേതെങ്കിലും വിശ്വാസമാണെങ്കിൽ അതുമായി ബന്ധപ്പെട്ട നമ്മുടെ ധാരണ എന്നിവയൊക്കെ അടിസ്ഥാനമാക്കി ധ്യാനിക്കാം. ഹൃദയ കേന്ദ്രീകൃതമായ ജീവിത ശൈലിയിലൂടെ മാനവ ബോധത്തെ വികസിപ്പിച്ച് വിശ്വസമാധാനം പ്രോത്സാഹിപ്പിക്കുകയാണ് ഹാർട്ട്ഫുൾനെസിന്റെ ദൗത്യം. പ്രാണാഹുതി അഥവാ യോഗിക് ട്രാൻസ്‌മിഷൻ ആണ് ഹാർട്ട്ഫുൾനെസ് മെഡിറ്റേഷന്റെ കാതൽ. സിദ്ധനായ യോഗി ശിഷ്യനിലേക്ക് പ്രസരിപ്പിക്കുന്ന ആത്മീയമായ ഊർജ്ജമാണ് ഇത്. ഇന്റെനെറ്രിൽ,​ meditationday.global എന്ന ലിങ്ക് വഴി ഇന്നത്തെ ധ്യാനപരിപാടിയിൽ ആർക്കും സൗജന്യമായി പങ്കെടുക്കാം.