'ഖസാക്കിന്റെ ഇതിഹാസം' കരുനാഗപ്പള്ളിയിൽ
കൊല്ലം: ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' നാടക രൂപത്തിൽ കരുനാഗപ്പള്ളിയിലെത്തുന്നു. അക്ഷരങ്ങളിലൂടെ വായനക്കാർ നെഞ്ചേറ്റിയ തസ്രാക്കിന്റെ മണ്ണും അവിടുത്തെ മനുഷ്യരും ദൃശ്യരൂപം പ്രാപിക്കുമ്പോൾ, മലയാള നാടക ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സാങ്കേതിക വിസ്മയമാവും നാടകം. 27 മുതൽ 30 വരെ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ പ്രത്യേക വേദിയിലാണ് അവതരണം.
സാധാരണ നാടകങ്ങളുടെ പരിമിതികൾ ഭേദിക്കുന്ന അവതരണ ശൈലിയാണ് പ്രധാന സവിശേഷത. ആധുനിക നാടക കലയുടെ സങ്കേതങ്ങൾ സമന്വയിക്കുന്ന ഈ അവതരണം, പ്രമേയപരമായ തീവ്രതകൊണ്ടും പരീക്ഷണാത്മകമായ രംഗാവിഷ്കാരം കൊണ്ടും ശ്രദ്ധേയമാകും. ഒ.വി.വിജയൻ വിഭാവനം ചെയ്ത നിഗൂഢതകളും മിത്തുകളും കരിമ്പനക്കാറ്റും നാടകാസ്വാദകർക്ക് നേരിട്ട് അനുഭവിക്കാം. വായനയുടെ ലോകത്ത് വിപ്ളവം സൃഷ്ടിച്ച രവിയും മൈമുനയും അല്ലാപ്പിച്ച മൊല്ലയും അപ്പുക്കിളിയുമെല്ലാം കൈയെത്തും ദൂരത്തുണ്ടാവും. ഖസാക്കിന്റെ ഗന്ധവും ആത്മീയ നൊമ്പരങ്ങളും നേരിട്ടനുഭവിക്കാവുന്ന വിധത്തിൽ അസാധാരണ തയ്യാറെടുപ്പുകളാണ് സംഘാടകർ നടത്തിയിട്ടുള്ളത്.
4 ദിനം, 4000 പേർ
30 ലക്ഷം രൂപ ചെലവിലാണ് നാടകം അവതരിപ്പിക്കുന്നത്. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ഗ്യാല സജ്ജമാക്കും. നാല് വശങ്ങളിൽ ഗ്യാലറികളും നടുക്ക് നാടക അവതരണവുമാണ് ലക്ഷ്യമിടുന്നത്. സർക്കസ് കൂടാരത്തിന് സമാനമായ ഇവിടെ 1000 പേർക്ക് ഒരു സമയം ഇരുന്ന് നാടകം കാണാം. ദിവസവും വൈകിട്ട് 6.30ന് നാടകം തുടങ്ങും. മൂന്നര മണിക്കൂർ ദൈർഘ്യമുണ്ടാകും. തൃക്കരിപ്പൂർ കെ.എം.കെ കലാസമിതിയിലെ 70 അഭിനേതാക്കളാണ് നൂറിലധികം കഥാപാത്രങ്ങളായി എത്തുക. ദീപൻ ശിവരാമനാണ് സംവിധായകൻ. കരുനാഗപ്പള്ളി ഗ്രാവിറ്റി കൾച്ചറൽ തിയേറ്ററാണ് സംഘാടകർ. 500, 1000, 1500, 5000 രൂപ ക്രമത്തിൽ പാസുകൾ ഏർപ്പെടുത്തിയാണ് പ്രവേശനമെന്ന് ഗ്രാവിറ്റി സെക്രട്ടറി വി.വിമൽ റോയ്, എൻ.എസ്.റസീന എന്നിവർ അറിയിച്ചു. ഫോൺ: 9447591614, 9496981341