സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; 25 വേദികൾ
തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇരുപത്തിയഞ്ച് വേദികളിലായി 239 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
14ന് രാവിലെ പത്തിന് പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിക്കും. 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും. തേക്കിൻകാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം ജവഹർ ബാലഭവനിലും അറബിക് കലോത്സവം 16,17 വേദികളായ സി.എം.എസ്.എച്ച്.എസ്.എസിലും നടക്കും. ഭക്ഷണശാല പാലസ് ഗ്രൗണ്ടിലാണ്. ഗവൺമെന്റ് മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഗവൺമെന്റ് മോഡൽ ജി.വി.എച്ച്.എസ്.എസിലാണ് പ്രോഗ്രാം ഓഫീസ്.
ലോഗോയുടെയും പ്രോഗ്രാം ഷെഡ്യൂളിന്റെയും പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. അനിൽ ഗോപൻ തയ്യാറാക്കിയതാണ് ഔദ്യോഗിക ലോഗോ. സംഘാടക സമിതി ചെയർമാൻ മന്ത്രി കെ.രാജൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.സി.മൊയ്തീൻ എം.എൽ.എ, ജനറൽ കോ ഓർഡിനേറ്ററായ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് എന്നിവർ പങ്കെടുത്തു. കലോത്സവത്തിന് മുന്നോടിയായി സ്വരാജ് റൗണ്ടിന് ചുറ്റും കുട്ടികളെ പങ്കെടുപ്പിച്ച് മയക്കുമരുന്നിനെതിരെ പ്രതിരോധ ശൃംഖല തീർക്കും.
നാട്ടിൻപുറത്തെ ഭക്ഷണം
പച്ചക്കറികളും പഴങ്ങളും അടങ്ങിയ നാട്ടിൻപുറത്തെ ആരോഗ്യകരമായ ഭക്ഷണമാണ് നൽകുക. പേപ്പർ കപ്പ്, പ്ലാസ്റ്റിക് സാധനങ്ങൾ, മിനറൽ വാട്ടർ ബോട്ടിൽ, പ്ലാസ്റ്റിക് അലങ്കാരങ്ങൾ എന്നിവയ്ക്ക് കർശന വിലക്ക് ഏർപ്പെടുത്തി. വെള്ളക്കുപ്പി കൊണ്ടുവരാനും പരിസ്ഥിതി സൗഹൃദ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കും.