തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി
Sunday 21 December 2025 12:18 AM IST
കൊല്ലം: തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകസംഘം വഴിതെറ്റി അച്ചൻകോവിൽ വനത്തിൽ കുടുങ്ങി. തിരുനെൽവേലിയിൽ നിന്ന് ശബരിമലക്ക് കാൽനടയായി വരികയായിരുന്ന ഒരു കുട്ടിയും വൃദ്ധനും അടക്കമുള്ള സംഘമാണ് കുടുങ്ങിയത്.
അച്ചൻകോവിൽ എത്തിയ സംഘം കല്ലേലി, കോന്നി വഴിയുള്ള കാനനപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ശനിയാഴ്ച വൈകിട്ട് കാട്ടിൽ കുടുങ്ങിയത്. വഴിതെറ്റിയ ഇവർ അച്ചൻകോവിൽ ആറിന്റെ തീരത്ത് പാറപ്പുറത്ത് അഭയം പ്രാപിച്ചു. കൈവശമുള്ള ആഹാരവും വെള്ളവും തീർന്നു. മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ചിന്റെ ഉൾഭാഗത്താണ് ഇവർ അകപ്പെട്ടതായി അറിയുന്നത്. എന്നാൽ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ശനിയാഴ്ച രാത്രി വൈകിയും ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.