ലഹരിക്കേസ്: ടാൻസാനിയ ജഡ്ജിയുടെ മകനും സുഹൃത്തിനും ജാമ്യം
കൊച്ചി: കോഴിക്കോട്ടെ ലഹരിക്കേസിൽ റിമാൻഡിലായ ടാൻസാനിയൻ സ്വദേശികളായ 2വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുന്നമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒമ്പതാം പ്രതിയും ടാൻസാനിയ ഹൈക്കോടതി ജഡ്ജി എൻടെമി എൻ കിലെകമജെങ്കയുടെ മകനുമായ ഡേവിഡ് എൻടെമി, സഹപാഠിയും 11-ാംപ്രതിയുമായ അറ്റ്ക ഹരുൺ മ്യോംഗ എന്നിവർക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്. പഞ്ചാബിൽ കോളേജ് വിദ്യാർത്ഥികളാണിവർ. ഒന്നും രണ്ടും പ്രതികളായ കാസർകോട് സ്വദേശി ഇബ്രാഹിം മുസമ്മിൽ,കോഴിക്കോട് സ്വദേശി പി.എൻ.അഭിനവ് എന്നിവർ തങ്ങിയ ലോഡ്ജിൽ നിന്ന് പൊലീസ് കഴിഞ്ഞ ജനുവരി 21ന് 221.89 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. ഇവർ നൽകിയ വിവരത്തെ തുടർന്നാണ് വിദേശ വിദ്യാർത്ഥികളെയും പ്രതിയാക്കിയത്. ലഹരിമരുന്ന് ശേഖരിക്കാനായി ഇവർ പണം ഇറക്കിയെന്നായിരുന്നു ആരോപണം. മാർച്ച് 13ന് അറസ്റ്റിലായ ഇരുവരും കസ്റ്റഡിയിലാണ്. കേസിൽ അന്തിമ റിപ്പോർട്ടും നൽകിയിരുന്നു. രണ്ടാം പ്രതിയും ഡേവിഡും തമ്മിൽ 42,500രൂപയുടെ ബാങ്കിടപാട് നടത്തിയെന്നതു മാത്രമാണ് ഹർജിക്കാർക്കുമേലുള്ള ഏക തെളിവെന്നു കോടതി വിലയിരുത്തി. ഹർജിക്കാർക്ക് കുറ്റകൃത്യ പശ്ചാത്തലമില്ല. 270ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നതും കണക്കിലെടുത്താണ് ഒരു ലക്ഷം രൂപയുടെ ബോണ്ട് സമാന തുകയ്‌ക്കുളള രണ്ടുപേരുടെ ഉറപ്പ് തുടങ്ങിയ വ്യവസ്ഥകളാൽ ജാമ്യം അനുവദിച്ചത്.