അനുശോചിച്ച് എൻ.കെ. പ്രേമചന്ദ്രൻ

Sunday 21 December 2025 12:31 AM IST

കൊല്ലം: സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക കലാരംഗങ്ങളിലെ വിവിധ വിഷയങ്ങളെ ഗവേഷണ ബുദ്ധിയോടെ വിശകലനം ചെയ്ത് സാധാരണക്കാരുടെ ജീവിതവുമായി താരതമ്യപ്പെടുത്തി സമകാലിക പ്രശ്‌നങ്ങളെ അപഗ്രഥിച്ച് എഴുത്തിന്റെ കരുത്തിലൂടെ കാലത്തെ അതിജീവിക്കുന്ന സിനിമകൾ മലയാളത്തിന് നൽകിയ അതുല്യ പ്രതിഭ ശ്രീനിവാസന്റെ വേർപാടിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുശോചിച്ചു. തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം, നിർമ്മാണം എന്നീ വിവിധ തലങ്ങളിൽ തിളങ്ങിയ ശ്രീനിവാസന്റെ സിനിമകളിലെ ലളിതവും ശക്തവുമായ സംഭാഷണങ്ങൾ യാഥാർത്ഥ്യ ബോധത്തിന്റെയും രാഷ്ട്രീയ പരിഹാസത്തിന്റെയും സാമൂഹ്യ വിമർശനത്തിന്റെയും മാനവികതകളുടേതുമായിരുന്നു. ശ്രീനിവാസൻ സിനിമകൾ സമൂഹത്തെ ചിരിപ്പിക്കുന്നതിലുമുപരി ചിന്തിപ്പിക്കുന്നതും നന്മയുടെ നേർവഴികൾ പകരുന്നതുമായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകരാനെന്ന നിലയിൽ ശ്രീനിവാസന്റെ വേർപാട് വേദനയുണ്ടാക്കുന്നതാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.