ശ്രീനിവാസൻ സഞ്ജയന്റെ പുനർജന്മം

Sunday 21 December 2025 3:58 AM IST

ശ്രീനിവാസനെ എനിക്ക് പരിചയപ്പെടുത്തിയത് മമ്മൂട്ടിയാണ്. അന്ന് അവരൊരുമിച്ച് കെ.ജി.ജോർജ്ജിന്റെ 'മേള'യിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.

നവോദയയിൽ വച്ചുള്ള പരിചയപ്പെടൽ,​ ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. എന്റെ ആദ്യ ചിത്രം പൂച്ചയ്ക്കൊരു മൂക്കുത്തിയിൽ ശ്രീനിവാസനും അഭിനയിച്ചു. രണ്ടാമത്തെ 'ഓടരുതമ്മാവാ ആളറിയാം'തീരുമാനിച്ചു. നല്ലൊരു റോള് തരാമെന്നു പറഞ്ഞ് ശ്രീനിവാസനെ വിളിച്ചുവരുത്തി. എന്നിട്ട് പറഞ്ഞു. അഭിനയിക്കണമെങ്കിൽ ഈ സിനിമയുടെ സ്‌ക്രിപ്ട് എഴുതണം

'എനിക്ക് സ്ക്രിപ്റ്റ് എഴുതാനറിയില്ല' എന്ന് ശ്രീനി ',​ അറിയില്ലെങ്കിൽ തിരിച്ചുപോയ്ക്കോളൂ' എന്ന് ഞാൻ ''തിരിച്ചുപോകാൻ മടിയുണ്ടായിട്ടല്ല, തിരിച്ചുപോയിട്ട് ഒരു കാര്യവും ചെയ്യാനില്ല'' എന്ന് മറുപടി. അങ്ങനെ ആ സിനിമ സംഭവിച്ചു. പിന്നീട് മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ 'ഞാൻ ഇത് പ്രിയദർശനു കൊടുക്കുകയാണ് ' എന്ന് പറഞ്ഞതിന് ഞാൻ സാക്ഷി. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തമാണത്.

പിന്നീട് ഞങ്ങൾ ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തു. ശ്രീനിയുടെ 16 തിരക്കഥകൾ ഞാൻ സംവിധാനം ചെയ്തു. അത്ര തന്നെ സിനിമകൾ സത്യൻ അന്തിക്കാടും. ഏതാനും സിനിമകൾക്കുശേഷം ശ്രീനി പറഞ്ഞു. 'നീ വേറൊരു രീതിയിൽ സിനിമയെ കുറിച്ച് ചിന്തിക്കണം അതെങ്ങനെയാണ്? എന്ന് ഞാൻ അങ്ങനെയാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വെള്ളാനകളുടെ നാട്,മിഥുനവുമൊക്കെ ശ്രീനി എനിക്ക് എഴുതി തന്നത്.

ഈ മൂന്നും സംവിധാനം ചെയ്തതിൽ ഞാൻ ഇന്നും അഭിമാനിക്കുന്നു. അതുവരെ തുടർന്നുവന്ന രീതികളിൽ നിന്നും എന്നെ മറ്റൊരു രീതിയിൽ സിനിമയെ കുറിച്ച് ചിന്തിക്കാൻ പഠിപ്പിച്ചത് ശ്രീനിവാസനായിരുന്നു. ഞങ്ങളൊരുമിച്ച് ഒരു മുറിയിൽ സിനിമ മാത്രം ചർച്ച് ചെയ്ത് എത്രയോ നാളുകൾ കഴിഞ്ഞു. ജാതി,മതം,രാഷ്ട്രീയം ഇങ്ങനയുള്ള ഒരു കാര്യങ്ങളിലും ശ്രീനിവാസന് യാതൊരു താത്പര്യവും ഇല്ലായിരുന്നു. പക്ഷെ, നർമ്മബോധത്തോടെ എല്ലാറ്റിലേയും തെറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. സഞ്ജയൻ മരണശേഷം ശ്രീനിവാസനായി പുനർജനിക്കുകയായിരുന്നു. ശ്രീനിവാസനെ ഒരു സിനിമാ എഴുത്തുകാരനായി മാത്രമല്ല കാണേണ്ടത്. വി.കെ.എന്നിനെ പോലുള്ള സാഹിത്യകാരനായി വേണം വിലയിരുത്താൻ. എനിക്ക് രണ്ട് ബന്ധമുണ്ട് എന്റെ സിനിമകളിലെ എഴുത്തുകാരനായും അഭിനേതാവായും. കഥ അന്വേഷിക്കാൻ ശ്രീനിക്ക് മനുഷ്യഹൃദയങ്ങൾ മാത്രം മതിയായിരുന്നു. സ്വയം നോക്കി ചിരിക്കാൻ ശ്രീനിയെപ്പോലെ മറ്റൊരാൾ ഇനിയുണ്ടാവില്ല. സിനിമ എനിക്ക് തന്ന ഏറ്റവും വലിയ ആത്മസുഹൃത്തിന് വിട.