എന്റെ സിനിമകളുടെ ശക്തി, എന്റെയും

Sunday 21 December 2025 3:07 AM IST

ഞാനും ശ്രീനിവാസൻ സമൂഹത്തെയും രാഷ്ട്രീയത്തെയും കൃത്യമായി നിരീക്ഷിക്കുന്ന പ്രകൃതക്കാരായിരുന്നു. ഞങ്ങളുടെ നാട് രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള ഇടവും. അന്തിക്കാടും പാട്യവും. ഒരു കുടുംബത്തിൽ വ്യത്യസ്ത രാഷ്ട്രീയചിന്താഗതിയുള്ള രണ്ട് സഹോദരന്മാരെക്കുറിച്ച് സിനിമ എടുക്കുന്നതിനെക്കുറിച്ച് ഒരിക്കൽ ശ്രീനിവാസനാണ് പറഞ്ഞത്. എന്റെ രണ്ട് സഹോദരന്മാർ കോൺഗ്രസും മാർക്‌സിസ്റ്റുമാണ്. അതുകൊണ്ട് ആ ആശയം എനിക്ക് ക്‌ളിക്കായി.

അഞ്ചാറുകൊല്ലം ഈ കഥാതന്തുവിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. അതിനിടെ ശ്രീനിവാസൻ തിരുവനന്തപുരത്ത് അഭിനയിക്കാൻ പോയി. ഞാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രണ്ടാഴ്ചയോളം അങ്ങനെ കഴിഞ്ഞു. അപ്പോഴാണ് സംവിധായകൻ ലോഹിതദാസ് അവിടെ വരുന്നത്. കഥ പറഞ്ഞപ്പോൾ ലോഹിതദാസ് വലിയ ആവേശത്തോടെയാണ് കേട്ടിരുന്നത്. ഇപ്പോൾത്തന്നെ എടുക്കേണ്ട സിനിമയാണെന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ ആ സിനിമയെടുക്കാൻ തീരുമാനിക്കുന്നത്, 'സന്ദേശം'.

കഥ എത്രത്തോളം നന്നാവുമെന്ന് അറിയില്ല, എന്നും ഓർമ്മിക്കാവുന്ന സംഭാഷണം അതിൽ ഉണ്ടാകുമെന്നായിരുന്നു ശ്രീനിവാസൻ തുടക്കത്തിലേ പറഞ്ഞത്. ആ വാക്കുകൾ അതേപോലെ സംഭവിച്ചു. പടം വിജയമായിരുന്നെങ്കിലും ഇന്ന് കൊട്ടിഘോഷിക്കുന്നത്ര ആയിരുന്നില്ല. അതിൽ ജീവിതമുണ്ടായതുകൊണ്ടാണ് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷവും, അന്ന് ജനിച്ചിട്ടില്ലാത്തവർപോലും ആ സിനിമയെ ഓർക്കുന്നു. വെറുമൊരു രാഷ്ട്രീയ സിനിമയായിരുന്നില്ല സന്ദേശം. ആ സിനിമയെക്കുറിച്ചല്ല, അതിനുപിന്നിലെ എഴുത്തുകാരനെ കുറിച്ചാണ് പറയേണ്ടത്.

ശ്രീനിവാസൻ നടനായതുകൊണ്ട് ശ്രീനിവാസൻ എന്ന എഴുത്തുകാരൻ വേണ്ടവിധത്തിൽ വിലയിരുത്തപ്പെട്ടില്ല, അംഗീകരിക്കപ്പെട്ടില്ല എന്ന് തോന്നാറുണ്ട്. ആ എഴുത്തുകാരൻ ഉണ്ടാക്കിയ ചലനങ്ങൾ അത്രമാത്രമുണ്ട്. അദ്ദേഹത്തിന് ഏത് കാര്യങ്ങളിലും വ്യക്തമായ അഭിപ്രായമുണ്ട്. നന്നായി വായിക്കും. സാഹിത്യം മാത്രമല്ല, അതിനുമപ്പുറത്തുള്ള വായനയുണ്ട്. ആരോഗ്യസംബന്ധമായ കാര്യങ്ങൾപോലും വായിക്കുകയും പഠിക്കുകയും ചെയ്യും. ശ്രീനിവാസൻ എന്ന രചയിതാവിന്റെ സംഭാവനയാണ് സന്ദേശം. ആ എഴുത്തുകാരൻ തന്നെയാണ് എന്റെ മിക്കവാറും സിനിമകളുടെയും നട്ടെല്ലും ശക്തിയും. എന്റെ ശക്തിയും ശ്രീനിതന്നെ. എന്റെ സിനിമകളുടെ വിജയത്തിനു പിന്നിൽ ശ്രീനിയെന്ന സുഹൃത്തുണ്ട്, തിരക്കഥാകൃത്തുണ്ട്.

ഇന്ന് ആളുകൾ കൊട്ടിഘോഷിക്കുന്ന സംഭാഷണങ്ങൾ ശ്രീനിവാസൻ എഴുതുന്നത്, ഷൂട്ടിംഗിനിടെയാണ്. ഷൂട്ടിംഗിനുള്ള വാഹനത്തിന്റെ പിന്നിലിരുന്നായിരിക്കും ചിലപ്പോൾ എഴുതുക. ജനറേറ്ററിന്റെ ശബ്ദത്തിനുള്ളിൽ നിന്നാകും ആ എഴുത്ത് വരിക. എഴുത്തിൽ അദ്ദേഹം ഇത്രമാത്രം തമാശ കണ്ടെത്തുന്നത് എങ്ങനെയെന്ന് അതിശയിച്ചുപോയിട്ടുണ്ട്. നൂറുശതമാനം ആത്മാർത്ഥതയായിരുന്നു ആ എഴുത്തിന്റെ കൈമുതൽ. വ്യക്തിപരമായ നേട്ടങ്ങളും പണവുമായിരുന്നില്ല, സിനിമ നന്നാവണം എന്നത് മാത്രമായിരുന്നു ലക്ഷ്യം. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുതെന്ന ഡയലോഗ് ഷൂട്ടിംഗിനിടെ എഴുതിയതാണ്. തിരക്കഥ തയ്യാറാക്കുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഇരിക്കും. അതുകൊണ്ട് ഡയലോഗ് അദ്ദേഹം എഴുതുമ്പോൾ സീനിൽ കൃത്യമായി ചേർക്കാനാവും. പോളണ്ടിനെക്കുറിച്ച് എന്ന ഡയലോഗ് എഴുതിത്തന്നപ്പോൾ ഞാൻ വായിച്ചു പൊട്ടിച്ചിരിച്ചുപോയി. അപ്പോൾ ശ്രീനി എതിർവശത്ത് എന്റെ മുഖഭാവം നോക്കി നിൽക്കുകയായിരുന്നു.

കാലം ചെല്ലുന്തോറും അദ്ദേഹത്തിന്റെ സിനിമകൾക്ക് പ്രസക്തി കൂടുന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. അത് അപൂർവമായ ഒരാനന്ദമാണ്. അരാഷ്ട്രീയ സിനിമ എന്ന ആക്ഷേപമുയർന്നപ്പോഴും സന്ദേശത്തിന് സത്യസന്ധമായ കാഴ്ചപ്പാടുള്ളതുകൊണ്ട് അത് കാലത്തെ മറികടന്നു. എന്തെങ്കിലും കാരണമുണ്ടാക്കി പഠനം മുടക്കി കൊടിപിടിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് ആ സിനിമയിലൂടെ ശ്രീനിവാസൻ പറഞ്ഞത്. രാഷ്ട്രീയം നല്ലതാണ്, നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ എന്നാണ് അതിൽ തിലകന്റെ കഥാപാത്രം പറഞ്ഞത്. അതുകൊണ്ട് അത് അരാഷ്ട്രീയമായിരുന്നില്ല എന്ന് ഞങ്ങൾ ഉറച്ചുവിശ്വസിച്ചു, അന്നും ഇന്നും...

ഞാൻ പ്രകാശനിലൂടെ വീണ്ടും

ആദ്യകാല ഹിറ്റ് ചിത്രങ്ങളായ ടി.പി.ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങി 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ' വരെ ഞങ്ങൾ ഒന്നിച്ചു. പിന്നീട് പതിനാറ് വർഷങ്ങൾക്കു ശേഷം 'ഞാൻ പ്രകാശനി'ലാണ് വീണ്ടും കൂട്ടുകെട്ടുണ്ടാകുന്നത്. ഈ ചിത്രം വൻ സാമ്പത്തികവിജയം നേടി. പതിനാറ് വർഷത്തെ ഇടവേള എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. ശ്രീനിവാസൻ വേറെ സിനിമകളുടെ തിരക്കിലായിരുന്നു. കുറെക്കാലം ഒന്നിച്ചു വർക്ക് ചെയ്തശേഷം ഒന്ന് മാറിനിന്നുവെന്നുമാത്രം. അക്കാലത്ത് ഞാനും ലോഹിതദാസും കൂടിയുള്ള പടങ്ങൾ ചെയ്യാൻ തുടങ്ങി. ശ്രീനി തിരക്കിലാവുമ്പോൾ ശല്യംചെയ്യാൻ നിൽക്കില്ല. ഫ്രീ ആകുമ്പോൾ ഒന്നിച്ചു വർക്ക് ചെയ്യാമെന്ന്' പറഞ്ഞു. അങ്ങനെയാണ് 'ഞാൻ പ്രകാശൻ' വരുന്നത്. ശ്രീനി എഴുത്ത് കച്ചവടമായി കരുതുന്നയാളല്ല. പച്ചയായ ജീവിതത്തിൽ സ്പർശിച്ച് കഥയെഴുതുന്നയാളാണ്. എന്നും അപ്‌ഡേറ്റഡാണ്. ഒരു സീൻ എഴുത്തുകാരൻ കാണുന്നതും, ശ്രീനിവാസൻ കാണുന്നതും രണ്ട് വിധത്തിലാണ്. അതെല്ലാം ശ്രീനിവാസന്റെ ചിന്തയിൽ മാത്രം ഉരുത്തിരിയുന്നതാണ്. അതാണ്, അങ്ങനെയാണ് എന്റെ ശ്രീനി...