തണുപ്പിൽ വൈറലായി പനി; മൂന്നാഴ്ചയ്ക്കിടെ കാൽലക്ഷം പേർ ചികിത്സയിൽ

Sunday 21 December 2025 2:15 AM IST

മലപ്പുറം: കടുത്ത മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥയിൽ വൈറൽ പനി ബാധിതരുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നു. ചുമ ബാധിതരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈ മാസം ഇതുവരെ 24,868 പേർ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 84 പേർക്ക് കിടത്തി ചികിത്സ ആവശ്യം വന്നിട്ടുണ്ട്. ദിവസം ശരാശരി 1,400 പേർ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ തേടി പോവുന്നവരുടെ എണ്ണം എടുത്താൽ രോഗികളുടെ എണ്ണം വലിയ തോതിൽ കൂടും. വൈകിട്ടോടെ തുടങ്ങുന്ന മഞ്ഞും കടുത്ത തണുപ്പും രാവിലെ വരെ നീളുന്നുണ്ട്. പിന്നീട് ചൂട് കൂടുന്ന അവസ്ഥയും രോഗ വ്യാപനത്തിന് അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്.

നാല് ദിവസം വരെ നീളുന്ന പനിയും കൗണ്ട് കുറയുന്ന പ്രവണതയും ശരീരവേദനയുമാണ് പ്രധാന ലക്ഷണം. പനി മാറിയാലും ദിവസങ്ങളോളം നീളുന്ന ചുമയും ക്ഷീണവുമാണ് മിക്കവരെയും വലയ്ക്കുന്നത്. ചികിത്സ തേടാൻ വൈകുന്നത് കൗണ്ട് കുറയുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പേകുന്നുണ്ട്. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പുവരുത്തിയാൽ രോഗമുക്തി വേഗത്തിലാവും. കുട്ടികൾക്ക് വിട്ടുമാറാത്ത കഫക്കെട്ടാണ് പ്രധാന വില്ലൻ. പലതവണ ആശുപത്രികൾ കയറി ഇറങ്ങേണ്ട സ്ഥിതിയിലാണ് രക്ഷിതാക്കൾ.

പേടിക്കണം എലിപ്പനിയെ

മൂന്നാഴ്ചക്കിടെ 29 പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഇതിൽ 13 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനം മാസങ്ങളായി അടങ്ങിയ എലിപ്പനി വീണ്ടും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ മാസം എട്ടിന് പൊന്മളയിൽ 54കാരിയും 13ന് തൃക്കലങ്ങോടിൽ 41കാരനും എലിപ്പനി ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. വെളിയങ്കോട്, മമ്പാട്, കാളികാവ്, നെടിയിരുപ്പ്, പോരൂർ, എടവണ്ണ, വണ്ടൂർ, തൃപ്പനച്ചി, തൃക്കലങ്ങോട്, ചെമ്മലശ്ശേരി, താനൂർ, തുവ്വൂർ, ചാലിയാർ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സംശയിച്ച് 50 പേർ ചികിത്സ തേടിയപ്പോൾ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു. കാളികാവ്, ആനക്കയം, ചെമ്മലശ്ശേരി, അങ്ങാടിപ്പുറം, പള്ളിക്കൽ, എ.ആർ നഗർ, നന്നമ്പ്ര, മംഗലശ്ശേരി എന്നിവിടങ്ങളിലാണ് രോഗബാധിതരുള്ളത്.