അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും.

Sunday 21 December 2025 2:16 AM IST

മലപ്പുറം: അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾ പടിയിറങ്ങിയതോടെ ഇന്ന് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭകളിലായി ആകെ 2,778 മെമ്പർമാരുണ്ട്. രാവിലെ 10ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലേയും വരണാധികാരി ഏറ്റവും മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം മുതിർന്ന അംഗത്തിന്റെ നേതൃത്വത്തിൽ നടക്കും. ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. മുൻതവണകളേക്കാൾ യുവപ്രാധിനിത്യവുമുണ്ട്.

ഭരണസമിതിയുടെ അഞ്ച് വർഷ കാലാവധി ഇന്ന് പൂർത്തിയാകാത്ത വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ 22നും ചോക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ 26നും നടക്കും. ആകെയുള്ള 122 തദ്ദേശ സ്ഥാപനങ്ങളിൽ 115ലും യു.ഡി.എഫ് ഭരണസമിതി അധികാരത്തിലേറും. ആറിടത്താണ് എൽ.ഡി.എഫ്. 94 ഗ്രാമപഞ്ചായത്തുകളിൽ 89ലും യു.ഡി.എഫ് വിജയിച്ചപ്പോൾ എൽ.ഡി.എഫ് നാലിടത്ത് ഒതുങ്ങി. പൊന്മുണ്ടത്ത് സി.പി.എം-കോൺഗ്രസ് സഖ്യമുൾപ്പെട്ട ജനകീയ മുന്നണിയും അധികാരമേൽക്കും. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ പൊന്നാനി ഒഴികെ പതിനാലിടത്തും യു.ഡി.എഫാണ് അധികാരത്തിലേറുക . പൊന്നാനി ബ്ളോക്കിൽ ഒപ്പത്തിനൊപ്പമാണ്. സ്വതന്ത്രന്റെ നിലപാടാണ് ആര് ഭരണത്തിലെത്തുമെന്ന് തീരുമാനിക്കുക. 12 നഗരസഭകളിൽ പൊന്നാനിയിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയം. ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലും യു.ഡി.എഫ് വിജയിച്ചതോടെ പ്രതിപക്ഷമില്ല.

തുടരുന്നത് മാരത്തോൺ ചർച്ച തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷന്മാരെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ മുന്നണികളിൽ പുരോഗമിക്കുന്നുണ്ട്. മുനിസിപ്പാലിറ്റികളിലെ അദ്ധ്യക്ഷന്മാരെ 26ന് രാവിലെയും ഉപാദ്ധ്യക്ഷന്മാരെ ഉച്ചയ്ക്ക് ശേഷവും തിരഞ്ഞെടുക്കണം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അദ്ധ്യക്ഷന്മാരെ 27ന് രാവിലെയും ഉപാദ്ധ്യക്ഷന്മാരെ ഉച്ചയ്ക്ക് ശേഷവും തിരഞ്ഞെടുക്കും. ജനുവരി 11ന് മുമ്പ് സ്ഥിരസമിതിയംഗങ്ങളെയും തിരഞ്ഞെടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. പദവികളിൽ പകുതിയും വനിതാ സംവരണമാണ്.

പാർട്ടി അംഗബലം ഇങ്ങനെ

മുസ്‌ലിം ലീഗ് - 1,341

കോൺഗ്രസ് - 630

സി.പി.എം - 471

സി.പി.ഐ - 17

യു.ഡി.എഫ് സ്വതന്ത്രർ - 86

എൽ.ഡി.എഫ് സ്വതന്ത്രർ - 114

പൊതുസ്വതന്ത്രർ - 39

ബി.ജെ.പി - 34

വെൽഫെയർ പാർട്ടി - 26

എസ്.ഡി.പി.ഐ - 5

ജനകീയ മുന്നണി - 14

ഐ.എൻ.എൽ - 2

എൻ.സി.പി - 2

നാഷണൽ ലീഗ് -2

കേരള കോൺഗ്രസ് എം -2

കേരള കോൺഗ്രസ് - 2

സി.എം.പി -1