ചിരിയോർമകൾ ബാക്കിയാക്കി ശ്രീനി മടങ്ങുന്നു, സംസ്കാരച്ചടങ്ങുകൾ രാവിലെ വീട്ടുവളപ്പിൽ
കൊച്ചി: മലയാളത്തിന്റെ സ്വന്തം ശ്രീനിക്ക് വിടനൽകാൻ നിറമിഴികളോടെ മലയാളക്കര. ഇന്നലെ അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ ഇന്ന് രാവിലെ 10ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിൽ വീട്ടുവളപ്പിൽ നടക്കും. അതുല്യ പ്രതിഭയ്ക്ക് നാടൊന്നാകെ അന്ത്യാഞ്ജലി അർപ്പിച്ചു.ഇന്ന് രാവിലെ ഏഴുമണിയോടെ നടൻ സൂര്യ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രമുഖർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി ഒരുനോക്ക് കാണാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധിപേർ അർദ്ധരാത്രിപോലും എത്തിയിരുന്നു.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ആ അതുല്യപ്രതിഭ നമ്മെ വിട്ടുപിരിഞ്ഞത്. പതിവ് ഡയാലിസിസിനായി ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസംമുട്ടലും ശാരീരിക അസ്വസ്ഥതയും കടുത്തതിനെത്തുടർന്ന് തൊട്ടടുത്തുള്ള തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചു വർഷത്തോളമായി ശ്രീനിവാസനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു.
മരണവാർത്തയറിഞ്ഞ് കണ്ടനാട്ടെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു, വൈകാരികമായ നിരവധി രംഗങ്ങൾക്കാണ് അദ്ദേഹത്തിന്റെ വീട് സാക്ഷിയായത്. എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.രാജീവ്, സജി ചെറിയാൻ, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.