തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഇന്ന്, തലസ്ഥാനത്തും കാെച്ചിയിലും മേയറായില്ല

Sunday 21 December 2025 7:57 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തുമണിക്കും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ നടക്കുക. അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മ​റ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമായിരിക്കും ചുമതല. നിലവിലെ ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. അതിനാലാണ് ഞായറാഴ്ചയായിട്ടും ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ നിശ്ചയിച്ചത്.

മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ ഡിസംബർ 22 നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ.ഏ​റ്റവും മുതിർന്ന അംഗമായിരിക്കും ആദ്യം പ്രതിജ്ഞചൊല്ലുക. തുടർന്ന് മറ്റംഗങ്ങളും. സത്യപ്രതിജ്ഞ പൂർത്തിയാകുന്നതിന് പിന്നാലെ ആദ്യ ഭരണസമിതി യോഗവും നടക്കും.

മേയർ, ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഈ മാസം ഇരുപത്തിയാറിനും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇരുപത്തിയേഴിനും നടക്കും. മിക്കയിടങ്ങളിലും മേയർ, ചെയർപേഴ്സൺ, പ്രസിഡന്റ് സ്ഥാനങ്ങളിൽ തീരുമാനമായിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്തും കൊച്ചിയിലും മേയർ ആരെന്നതിൽ തീരുമാനമായിട്ടില്ല. അധികം വൈകാതെതന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാവിലെ 9 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കോർപ്പറേഷൻ പോയിന്റ്,ആർ.ആർ ലാമ്പ് എന്നീ ഭാഗങ്ങളിൽ ആളിറക്കിയ ശേഷം വാഹനങ്ങൾ പബ്ലിക് ലൈബ്രറി - നന്ദാവനം റോഡിലും,മ്യൂസിയം- നന്ദാവനം റോഡിലും,എൽ.എം.എസ് - ജി.വി.രാജ റോഡിലും,ജി.വി.രാജ - വേൾഡ് വാർ റോഡിലും,പി.എം.ജി - ലാ കോളേജ് റോഡിലും,എസ്എം.സി - ഇടപ്പഴിഞ്ഞി റോഡിലും ഗതാഗതത്തിന് തടസമില്ലാതെ റോഡിന്റെ ഒരു വശത്ത് പാർക്ക് ചെയ്യണം.

ഗതാഗതത്തിരക്ക് കൂടുതൽ വരുന്ന സമയത്ത് ആവശ്യമെന്ന് കണ്ടാൽ വാഹനഗതാഗതം വഴി തിരിച്ച് വിടും. വെള്ളയമ്പലം ഭാഗത്ത് നിന്ന് മ്യൂസിയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം - വഴുതക്കാട് വഴിയും പാളയം ഭാഗത്തുനിന്ന് വെള്ളയമ്പലം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ പി.എം.ജി - നന്ദൻകോട് വഴിയും വഴി തിരിച്ച് വിടും.വിവരങ്ങൾക്ക്: 9497930055,04712558731.