സ്വർണക്കൊള്ള: ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോ​റ്റി, വിവരങ്ങൾ പുറത്ത്

Sunday 21 December 2025 8:33 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോ​റ്റിയെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി ). ഇരുവരുടെയും റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ഒരു സ്വകാര്യ ചാനലാണ് റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടത്.

ലോഹപാളികളിലുള്ളത് ശബരിമലയിലെ സ്വർണമാണെന്നറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ട് നിന്നതെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. രണ്ടുപേരിൽ നിന്നും സ്വർണം കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട്ക്രിയേഷൻസിൽനിന്ന് വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങി. ഗോവർദ്ധന്റെ കൈയിൽ നിന്ന് 470 ഗ്രാം സ്വർണവും കണ്ടെത്തി. ഇവർക്ക്‌ ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം കണ്ടെത്താൻ കസ്​റ്റഡിയിൽചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ടെന്നാണ് റിപ്പോർട്ട്. അതിനായി പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും കസ്​റ്റഡിയിൽ വാങ്ങാൻ എസ്‌ഐടി അപേക്ഷ നൽകും.

ഉണ്ണികൃഷ്ണൻ പോ​റ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയിട്ടുണ്ടെന്നും പിന്നീട് കു​റ്റബോധം തോന്നിയെന്നും പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെന്നും ഗോവർദ്ധൻ മൊഴി നൽകിയിട്ടുണ്ട്. പണം നൽകിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.സ്വർണം സ്മാർട്ട്ക്രിയേഷൻസിൽനിന്ന് ഗോവർദ്ധന്റെ കൈവശമെത്തിച്ച കൽപേഷിനെ വീണ്ടുംചോദ്യം ചെയ്യും. ശ്രീകോവിലിലെ സ്വർണം വേർതിരിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. ഈ‌ഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ഇരുവരെയും വൈകിട്ട് നാലോടെ അറസ്റ്റു ചെയ്യുകയായിരുന്നു.

അതേസമയം,സ്വർണക്കൊള്ളയിൽ ഇ ഡി ഉടൻ കേസെടുക്കും. കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവിനു പിന്നാലെ ഇ ഡിക്ക് കേസ് രേഖകളുടെ പകർപ്പ് എസ്ഐടി കൈമാറി. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടുകളും മൊഴികളും അന്വേഷണ വിവരങ്ങളും പിടിച്ചെടുത്ത രേഖകളുമടക്കം ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.ഇ ഡി കൊച്ചി യൂണിറ്റ് എഫ്ഐആറിന് തുല്യമായ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹിയിലെ ഇഡി ആസ്ഥാനത്തിന്റെ അനുമതി തേടി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേസെടുക്കുമെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു.

റിമാൻഡിലുള്ള പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അവരെ പ്രതിയാക്കുകയും കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും. കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നതെങ്കിലും, സ്വർണം കടത്തിയതിന്റെയടക്കം വിവരങ്ങൾ പുറത്തു വരും. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വംബോർഡ് മുൻപ്രസിഡന്റുമാരായ എൻ.വാസു, എ.പത്മകുമാർ എന്നിവരെയടക്കം പ്രതിയാക്കുമെന്നാണ് സൂചന. ഇഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറു മാസം വരെ ജാമ്യം നിഷേധിക്കപ്പെടാം. പ്രതികളുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, വരവ് കണക്കെടുപ്പുമുണ്ടാവും.