മണ്ഡലങ്ങളെ മൂന്നായി തിരിക്കും; നിയമസഭ തിരഞ്ഞെടുപ്പിന് നേരത്തെ കളത്തിലിറങ്ങാൻ യുഡിഎഫ്

Sunday 21 December 2025 10:40 AM IST

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ വൻ വിജയത്തിനുശേഷം നിയമസഭ തിരഞ്ഞെടുപ്പിന് നേരത്തെ പ്രവർത്തനമാരംഭിക്കാൻ യുഡിഎഫ്. നാളെ യുഡിഎഫ് യോഗം ചേർന്ന് സീറ്റ് വിഭജനം ചർച്ച ചെയ്യും. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും നേരത്തേയാക്കാനാണ് നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് ഒരുങ്ങുന്നതെന്നാണ് വിവരം. ഉറപ്പായും ജയിക്കുന്ന സീറ്റുകൾ, ശക്തമായി പ്രവർത്തിച്ചാൽ പിടിച്ചെടുക്കാൻ കഴിയുന്ന സീറ്റുകൾ, സാദ്ധ്യത കുറഞ്ഞ സീറ്റുകൾ എന്നിങ്ങനെ മണ്ഡലങ്ങളെ തരംതിരിക്കാനാണ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനെക്കാൾ 5.36 ശതമാനം വോട്ടാണ് കൂടുതൽ കിട്ടിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്.

അതേസമയം, സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനുകളിലും സത്യപ്രതിജ്ഞ നടക്കും. അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മ​റ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമായിരിക്കും ചുമതല. നിലവിലെ ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. അതിനാലാണ് ഞായറാഴ്ചയായിട്ടും ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ നിശ്ചയിച്ചത്.

മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ ഡിസംബർ 22 നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ.ഏ​റ്റവും മുതിർന്ന അംഗമായിരിക്കും ആദ്യം പ്രതിജ്ഞചൊല്ലുക. തുടർന്ന് മറ്റംഗങ്ങളും. സത്യപ്രതിജ്ഞ പൂർത്തിയാകുന്നതിന് പിന്നാലെ ആദ്യ ഭരണസമിതി യോഗവും നടക്കും.