ആഷസ്: മൂന്നാം ടെസ്റ്റിലും തകർന്നടിഞ്ഞ് ഇംഗ്ലണ്ട്, പരമ്പര നിലനിർത്തി ഓസ്ട്രേലിയ

Sunday 21 December 2025 10:59 AM IST

അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ തകർപ്പൻ വിജയം നേടി ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റും ജയിച്ചാണ് ഓസീസ് കിരീടം നിലനിർത്തിയത്. അഞ്ചാം ദിനം ഇംഗ്ലണ്ട് പൊരുതിനോക്കിയെങ്കിലും ഓസീസ് ബൗളിംഗ് കരുത്തിന് മുന്നിൽ ഇംഗ്ലീഷ് ബാറ്റർമാർ മുട്ടുമടക്കുകയായിരുന്നു. ഞായറാഴ്ച കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകൾ കൂടി വീഴ്ത്തി 82 റൺസിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്.

രണ്ടാം സെഷൻ വരെ മാത്രമേ ഇംഗ്ലണ്ടിന്റെ ചെറുത്തുനിൽപ്പ് നീണ്ടുനിന്നത്. ഒടുവിൽ സ്‌കോട്ട് ബോലണ്ട്, ജോഷ് ടംഗിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ ഓസ്‌ട്രേലിയൻ വിജയം പൂർത്തിയായി. ഇംഗ്ലണ്ട് നിരയിൽ ചില താരങ്ങൾ പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാൻ അത് മാത്രം മതിയാകുമായിരുന്നില്ല. അതേസമയം പരമ്പരയിലുടനീളം മികച്ച പ്രകടനമല്ല ഇംഗ്ലണ്ട് കാഴ്ചവച്ചത്. അടുത്തകാലത്തെ ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനമാണ് ഓസീസ് മണ്ണിൽ ഉണ്ടായത്.

അർദ്ധസെഞ്ച്വറിയുമായി സാക്ക് ക്രാളിയും (85) ജെയ്മി സ്മിത്തും (60) ഇംഗ്ലണ്ടിനെ വിജയത്തോടടുപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ജോറൂട്ട് (39) ഹാരി ബ്രൂക്ക് (30) വിൽ ജാക്സ് (47) ബ്രൈഡൻ കാഴ്സ് (39) എന്നിവർ ചേർന്ന് പൊരുതിയിട്ടും ഇംഗ്ലണ്ട് ബാറ്റർമാരെ ഓസീസ് ബൗളർമാർ വരുതിയിലാക്കുകയായിരുന്നു. ഓസീസിന്റെ ക്യാപ്ടൻ പാറ്റ് കമ്മിൻസ് മിച്ചൽ സ്റ്റാർക്ക് നതാൻ ലയൺ എന്നിവർ ചേർന്ന് മൂന്നു വിക്കറ്റുകളും സ്‌കോട്ട് ബോളണ്ട് ഒരു വിക്കറ്റും വീതവും എടുത്താണ് ഇംഗ്ലണ്ടിനെ തകർത്തത്.