രാജവെമ്പാലയെക്കാൾ വിഷം; ഒന്ന് തൊട്ടാൽ മരണമുറപ്പ്, ഈ പക്ഷിയെ സൂക്ഷിക്കണം
ഭൂമിയിലെ ഏറ്റവും നിരുപദ്രവകാരികളെന്ന് പൊതുവെ പറയപ്പെടുന്ന ജീവികളാണ് പക്ഷികൾ. തത്ത, മയിൽ, പ്രാവ് ഇങ്ങനെ ഭംഗിയുള്ള നിരവധി പക്ഷികൾ ഉണ്ട്. എന്നാൽ പക്ഷികളുടെ കൂട്ടത്തിലുമുണ്ട് അപകടം നിറഞ്ഞവർ. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ന്യൂ ഗിനിയയിലെ മഴക്കാടുകൾക്കുള്ളിൽ കാണുന്ന ഹൂഡഡ് പിറ്റോഹുയി.
ലോകത്തിലെ വിഷം നിറഞ്ഞ ഏക പക്ഷിയെന്നാണ് ഇതിനെ അറിയപ്പെടുന്നത്. കടും ഓറഞ്ചും കറുപ്പും കലർന്ന നിറത്തിലാണ് ഈ പക്ഷിയെ കാണാൻ കഴിയൂ. കാണാൻ വളരെ ഭംഗിയുള്ളതാണെങ്കിലും മനുഷ്യന്റെ നാഡീവ്യൂഹത്തെപ്പോലും നിശ്ചലമാക്കാൻ ശേഷിയുള്ള മാരകമായ വിഷാംശം ഇതിന്റെ ഉള്ളിലുണ്ട്. ഈ പക്ഷിയെ സ്പർശിക്കുന്നത് പോലും മനുഷ്യശരീരത്തിൽ അസ്വസ്ഥതകളുണ്ടാക്കാൻ കാരണമാകും.
ഈ പക്ഷിയെ തൊടുമ്പോൾ ശരീരം കത്തുന്നതുപോലെയോ അല്ലെങ്കിൽ മരവിപ്പോ അനുഭവപ്പെടാം, ഈ പക്ഷിയിലടങ്ങിരിക്കുന്ന 'ബാട്രാചോട്ടോക്സിൻ' എന്ന ശക്തമായ ന്യൂറോടോക്സിനാണ് അതിന് കാരണം. ഇത് ലോകത്തിലെ ഏറ്റവും മാരകമായ വിഷ തവളകളിൽ കാണുന്ന അതേ വിഷം തന്നെയാണ്. പക്ഷിയുടെ തൂവലുകളിലും തൊലിയിലും പോലും ഈ വിഷാംശമുണ്ട്. പക്ഷി തൊടുകയോ അതിന്റെ മാംസം കഴിക്കുകയോ ചെയ്യുന്നത് ഭാഗികമായ പക്ഷാഘാതത്തിനും ഗുരുതരമായ നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും വേട്ടയാടപ്പെടുന്നത് തടയാനും ഇത് പക്ഷിയെ സഹായിക്കുന്നു. 'rubbish bird' എന്നാണ് ഇതിനെ ആളുകൾ വിളിക്കുന്നത്.
1980കളിൽ ശാസ്ത്രജ്ഞനായ ജാക്ക് ഡംബാച്ചർ ആണ് ഈ പക്ഷിയുടെ വിഷത്തെക്കുറിച്ച് കണ്ടെത്തിയത്. ന്യൂ ഗിനിയയിൽ ഫീൽഡ് വർക്ക് ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇതിനെ കണ്ടെത്തിയത്. വലയിൽ കുടുങ്ങിയ ഈ പക്ഷിയെ മോചിപ്പിക്കുന്നതിനിടെ അദ്ദേഹത്തിന് വിരലുകളിൽ കടുത്ത പൊള്ളലും മരവിപ്പും അനുഭവപ്പെട്ടു. തുടർന്ന് 1992ൽ നടത്തിയ വിശദമായ പഠനത്തിലാണ് പക്ഷിയുടെ തൂവലിലും ചർമ്മത്തിലുമുള്ള വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.
എന്നാൽ ഈ പക്ഷി സ്വയം വിഷം ഉൽപ്പാദിപ്പിക്കുന്നില്ല. 'സീക്വെസ്ട്രേഷൻ' എന്ന പ്രക്രിയയിലൂടെ താൻ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് പിറ്റോഹുയി വിഷം ആർജ്ജിക്കുന്നത്. മഴക്കാടുകളിൽ കാണപ്പെടുന്ന വിഷാംശമുള്ള 'മെലിറിഡ് വണ്ടുകളെ' ഭക്ഷിക്കുന്നതിലൂടെയാണ് ഈ വിഷം പക്ഷി തന്റെ ചർമ്മത്തിലും തൂവലുകളിലും ശേഖരിച്ചുവയ്ക്കുന്നത്. വിഷാംശത്തിന്റെ കാര്യത്തിൽ രാജവെമ്പാലയെക്കാൾ ഈ പക്ഷി അപകടകാരിയാണെന്ന് പറയപ്പെടുന്നു. പിറ്റോഹുയിക്ക് പുറമേ ബ്ലു ക്യാപ്പ്ഡ് ഇഫ്രിറ്റ് പോലുള്ള മറ്റ് ചില പക്ഷികളിലും ചെറിയ അളവിൽ ഈ വിഷാംശം കണ്ടെത്തിയിട്ടുണ്ട്.