അഞ്ചുവർഷത്തെ സേവനനിറവിൽ പി.പി. അവറാച്ചൻ പടിയിറങ്ങി
Monday 22 December 2025 12:43 AM IST
കുറുപ്പംപടി: 2020ൽ ആദ്യമായി പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റായി അഞ്ചുവർഷം കാലാവധി പൂർത്തിയാക്കി പി.പി. അവറാച്ചൻ പടിയിറങ്ങി. കൊവിഡ് കാലഘട്ടത്തിൽ മാസ്ക് ധരിച്ച് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്ത അദ്ദേഹം രോഗികൾക്കായി ഡി.സി.സി ഏർപ്പെടുത്തുന്ന തിരക്കിലായിരുന്നു ഭരണത്തിന്റെ ആദ്യനാളുകൾ ചെലവഴിച്ചത്.
കൊവിഡ് ബാധിതരുടെ വീടുകളിൽ ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തി. പഞ്ചായത്തിലെ ആരോഗ്യരംഗത്ത് ഒട്ടേറെ പുത്തൻപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സാധിച്ചതായി പി.പി. അവറാച്ചൻ പറഞ്ഞു. അഞ്ചുവർഷം പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറായിരുന്ന കെ.എം. എൽദോയെ ആദരിച്ചും പഞ്ചായത്ത് സെക്രട്ടറി പി.കെ. സുമേഷ്കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ സ്നേഹവായ്പ് ഏറ്റുവാങ്ങിയുമാണ് അദ്ദേഹം പടിയിറങ്ങിയത്.