അങ്കമാലി-മഞ്ഞപ്ര റോഡിൽ കാടുമൂടി അപകടഭീഷണി; നടപടി വേണം
അങ്കമാലി: അങ്കമാലി - മഞ്ഞപ്ര റോഡിന്റെ വശങ്ങളിൽ കാഴ്ചമറച്ച് പുല്ല് വളർന്നുനിൽക്കുന്നത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. തുറവൂർ ചരിത്ര ലൈബ്രറിക്ക് മുൻവശം മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് കാനനിർമ്മാണം നടക്കാത്തതാണ് പ്രശ്നം. കാനയിൽനിന്ന് ആൾപ്പൊക്കത്തിൽ വളർന്ന പുല്ല് റോഡിലേക്ക് പടർന്നുനിൽക്കുകയാണ്.
റോഡ് നിർമ്മാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഈ മേഖലയിൽ കാന നിർമ്മിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ബി.എം.ബി.സി നിലവാരത്തിൽ റോഡ് ഉയർത്തി നിർമ്മിച്ചതോടെ ഒരുവശം നാലടിയോളം താഴ്ചയിലായി. ഇവിടെയാണ് പുല്ല് നിറഞ്ഞുനിൽക്കുന്നത്. റോഡരികിലെ താഴ്ച മനസിലാക്കാതെ വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കുമ്പോൾ കുഴിയിലേക്ക് മറിയുമെന്നുറപ്പ്.
കഴിഞ്ഞദിവസം റോഡരികിലെ കലുങ്ക് ഭിത്തി കാണാനാകാതെ കാർ ഇടിച്ചുകയറി അപകടമുണ്ടായി. ഭാഗ്യംകൊണ്ടാണ് കാർ കനാലിലേക്ക് മറിയാതിരുന്നത്.
റോഡുവശങ്ങളിലെ പുല്ലുകൾ വെട്ടിമാറ്റി കാനനിർമ്മാണം പൂർത്തിയാക്കി അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.