'സ്കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; ക്രിസ്മസ് ആഘോഷം വിലക്കിയ നടപടി വച്ചുപൊറുപ്പിക്കില്ലെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആഘോഷത്തിനായി കുട്ടികളിൽ നിന്ന് പിരിച്ചെടുത്ത പണം തിരികെ നൽകിയ സ്കൂൾ മാനേജ്മെന്റ് നടപടിക്കെതിരെയും മന്ത്രി നിലപാടറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളം പോലെ ഉയർന്ന ജനാധിപത്യബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള ഒരു സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയാണിതെന്നും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകൾ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജാതി-മത ചിന്തകൾക്കപ്പുറം കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുകയും വളരുകയും ചെയ്യുന്ന ഇടങ്ങളിൽ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളിൽ ഒരുപോലെ ആഘോഷിക്കപ്പെടേണ്ടവയാണെെന്നും അദ്ദേഹം കുറിച്ചു.
മന്ത്രിയുടെ കുറിപ്പ്
സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല. ചില സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും, ആഘോഷത്തിനായി കുട്ടികളിൽ നിന്ന് പിരിച്ച തുക തിരികെ നൽകുകയും ചെയ്തു എന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നത്. കേരളം പോലെ ഉയർന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള ഒരു സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയാണിത്.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകൾ കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ല. ജാതി-മത ചിന്തകൾക്കപ്പുറം കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുന്ന ഇടങ്ങളാണ് നമ്മുടെ വിദ്യാലയങ്ങൾ. അവിടെ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളിൽ ഒരുപോലെ ആഘോഷിക്കപ്പെടുന്നവയാണ്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും കുട്ടികൾ പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളിലൂടെയാണ്.
ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ എല്ലാ വിദ്യാലയങ്ങൾക്കും ബാധ്യതയുണ്ട്. വിദ്യാലയങ്ങൾ എയ്ഡഡ് ആയാലും അൺ എയ്ഡഡ് ആയാലും പ്രവർത്തിക്കുന്നത് ഈ രാജ്യത്തെ നിയമങ്ങൾക്കും വിദ്യാഭ്യാസ ചട്ടങ്ങൾക്കും അനുസൃതമായാണ്. സങ്കുചിതമായ രാഷ്ട്രീയ-വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയങ്ങളെ മാറ്റാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകും.
പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം, സഹജീവി സ്‌നേഹവും ബഹുസ്വരതയും പഠിപ്പിക്കേണ്ടവയാണ് വിദ്യാലയങ്ങൾ. അവിടെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആഘോഷങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്തുന്നത് വിവേചനമാണ്.
ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ല. വിഷയത്തിൽ അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളെ കുട്ടികളായി കാണുക. അവരെ വർഗീയതയുടെ കള്ളികളിൽ ഒതുക്കാതിരിക്കുക. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സിനും പാരമ്പര്യത്തിനും കോട്ടം തട്ടുന്ന ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നും അനുവദിച്ചു നൽകില്ല.