മുദ്രാവാക്യം വിളിക്കിടെ അന്ത്യം; പഞ്ചായത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സിപിഎം പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

Sunday 21 December 2025 4:06 PM IST

ആലപ്പുഴ: കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സിപിഎം പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരിൽ കിഴക്കതിൽ മനോഹരൻപിള്ള (60) ആണ് മരണപ്പെട്ടത്.പഞ്ചായത്ത് ഹാളിൽ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കവെയായിരുന്നു സംഭവം. ആവേശത്തോടെ മുദ്രാവാക്യം മുഴക്കിയ മനോഹരൻപിള്ള പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ സഹപ്രവർത്തകരും ബന്ധുക്കളും ചേർന്ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിട്ടയർ ചെയ്ത പഞ്ചായത്ത് ജീവനക്കാരനായ മനോഹരൻപിള്ള പ്രദേശത്തെ സജീവ സിപിഎം പ്രവർത്തകനായിരുന്നു.