ഈ കാർഷിക വിളയുടെ കയറ്റുമതി മൂല്യം 17000 കോടി കടന്നു; ഇന്ത്യക്ക് വലിയ നേട്ടം
ന്യൂഡൽഹി: കയറ്റുമതിവിലയിൽ കുതിച്ചുയർന്ന് രാജ്യത്തെ കാപ്പി വിപണി. കയറ്റുമതി മൂല്യം 17000 കോടി രൂപ കടന്നു. കോഫി ബോർഡിന്റെ കണക്കുകൾ പ്രകാരം 2025 കലണ്ടർ വർഷം ഡിസംബർ പകുതിവരെ 17,106 കോടി രൂപയാണ് കാപ്പി കയറ്റുമതിയിൽ നിന്നും രാജ്യത്തിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 13,624 കോടി രൂപയായിരുന്നു ലഭിച്ചത്. താരതമ്യം ചെയ്യുമ്പോൾ 25 ശതമാനമാണ് കയറ്റുമതിയിൽ ഈ വർഷം വർദ്ധനവുണ്ടായിരിക്കുന്നത്.
ബ്രസീൽ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് സാധാരണയായി കാപ്പി ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ, ഇത്തവണ പ്രതികൂലമായ കാലാവസ്ഥ ഈ രാജ്യങ്ങളിലെ വിതരണ ശൃംഖലയെ ബാധിച്ചത് വിപണിയിൽ കാപ്പിയുടെ വില ഉയരുന്നതിന് കാരണമായി. ഇക്കാരണത്താലാണ് ഇന്ത്യയിലെ കയറ്റുമതിമൂല്യം കുതിച്ചുയർന്നത്.
അതേസമയം, കയറ്റുമതി മൂല്യത്തിൽ വർദ്ധനവുണ്ടായപ്പോൾ രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്ന കാപ്പിയുടെ അളവ് കുറഞ്ഞു. യൂറോപ്പാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കാപ്പിയുടെ പ്രധാന വിപണന കേന്ദ്രം. ഇവിടെയുള്ളവർ ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ കാപ്പി ലഭിക്കുന്ന മറ്റ് രാജ്യങ്ങളെ ആശ്രയിച്ചതാണ് കയറ്റുമതി ചെയ്യുന്ന കാപ്പിയുടെ അളവിൽ കുറവുണ്ടാകാൻ കാരണം. ഈ വർഷം ഡിസംബർ 16 വരെയുള്ള കണക്കെടുത്താൽ ആറ് ശതമാനമാണ് കയറ്റുമതിയിൽ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 3.91 ടൺ കാപ്പി കയറ്റുമതി ചെയ്‌ത സ്ഥാനത്ത് ഈ വർഷം 3.66 ലക്ഷം ടൺ കാപ്പി മാത്രമാണ് കയറ്റുമതി ചെയ്‌തത്.
ലോകത്തിൽ കാപ്പി ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ഏഴാമതും കാപ്പിയുടെ കയറ്റുമതിയിലത് അഞ്ചാമതുമാണ്. ഇന്ത്യൻ കാപ്പിയുടെ ഏറിയപങ്കും കയറ്റുമതി ചെയ്യുന്നത് ഇറ്റലിയിലേക്കാണ്.