മെസ്സിക്ക് ഗോട്ട് ഇന്ത്യ ടൂറിനു നൽകിയ പ്രതിഫലം എത്ര?​ നികുതിയായി മാത്രം നൽകിയത് 11 കോടി

Sunday 21 December 2025 4:47 PM IST

കൊൽക്കത്ത: അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യൻ പര്യടനത്തിലൂടെ സമ്പാദിച്ചത് 89 കോടി രൂപയെന്ന് സംഘാടകർ. കൊൽക്കത്തയിലെ മുഖ്യ സംഘാടകനും നിലവിൽ പൊലിസ് കസ്റ്റഡിയിലുള്ള ശതാദ്രു ദത്തയാണ് കണക്കുകൾ പുറത്തുവിട്ടത്. പര്യടനത്തിൽ നിന്ന് ആകെ ലഭിച്ച 100 കോടി രൂപയിൽ നിന്ന് 11 കോടി കേന്ദ്രസർക്കാരിന് നികുതിയായി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ആകെ വരുമാനത്തിന്റെ 30 ശതമാനം സ്‌പോൺസർഷിപ്പിലൂടെയും 30 ശതമാനം ടിക്കറ്റ് വിൽപ്പനയിലൂടെയുമാണ് സമാഹരിച്ചത്.

അതേസമയം കൊൽക്കത്തയിൽ നിന്ന് മെസ്സി പെട്ടെന്ന് മടങ്ങാനിടയായ കാരണവും ശതാദ്രു ദത്ത പൊലീസിന് മൊഴി നൽകിയിരുന്നു. പര്യടനത്തിനിടെ ആരാധകർ സ്പർശിക്കുന്നതും ആലിംഗനം ചെയ്യുന്നതും മെസ്സിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ശതാദ്രു പറഞ്ഞു. ഇതിനെത്തുടർന്ന് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ അനൗൺസ്‌മെന്റുകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. താരത്തിന് ചുറ്റും ആരാധകർ വളഞ്ഞ് സ്പർശിക്കാൻ ശ്രമിച്ചത് അദ്ദേഹത്തിന് വളരെയധികം അസ്വസ്ഥതയുണ്ടാക്കിയെന്നും ദത്ത മൊഴി നൽകി.

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെയുണ്ടായ സംഘാടക പിഴവിനെത്തുടർന്ന് ശതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഡിയത്തിൽ കസേരകളും കുപ്പികളും വലിച്ചെറിഞ്ഞും മറ്റും കാണികൾ വലിയ നാശനഷ്ടങ്ങളാണ് വരുത്തിയിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഒരു പ്രമുഖ വ്യക്തി സ്റ്റേഡിയത്തിൽ എത്തിയതോടെയാണ് പരിപാടിയുടെ പ്ലാനിംഗ് ആകെ തകിടം മറിഞ്ഞതെന്നും തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നുമാണ് ശതാദ്രു ദത്തയുടെ ആരോപണം.