ആരാകുമോ ആവോ കൊച്ചി മേയർ പിടിവലി മുറുകി
കൊച്ചി: മുന്നിലുള്ളത് വെറും അഞ്ച് ദിവസം. കണ്ണൂരിലും കോഴിക്കോട്ടും കൊല്ലത്തും ദിവസങ്ങൾക്ക് മുമ്പേ മേയറെ തീരുമാനിച്ച കോൺഗ്രസ്, കൊച്ചിയുടെ കാര്യത്തിൽ വെട്ടി വിയർക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. മിനിമോൾ, മുൻ കൗൺസിലർ ഷൈനി മാത്യു എന്നിവരാണ് പരിഗണനയിലുള്ളവർ. തിരഞ്ഞെടുപ്പിന് മുമ്പ് ദീപ്തി മേരി വർഗീസിന്റെ പേരിനായിരുന്നു പാർട്ടിയിൽ മുൻതൂക്കം. എന്നാൽ മേയർ സ്ഥാനത്തിന് ലത്തീൻസഭ പിടിമുറുക്കിയതോടെയാണ് നേതൃത്വം വെട്ടിലായത്. വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവർ ലത്തീൻ സഭാംഗങ്ങളാണ്. ജനഹിതം 13ന് അറിഞ്ഞെങ്കിലും ഒരാഴ്ചയായിട്ടും സമവായത്തിലെത്താൻ കോൺഗ്രസിനായിട്ടില്ല. ഇന്ന് ചേരുന്ന യു.ഡി.എഫ് നേതൃത്വയോഗത്തിൽ ധാരണയുണ്ടായേക്കും.
പ്രതീക്ഷയോടെ ദീപ്തി
കെ.എസ്.യുവിലൂടെ ഉയർന്നുവന്ന നേതാവാണ് ദീപ്തി മേരി വർഗീസ്. പരിഗണനയിലുള്ള മൂന്ന് പേരിൽ സീനിയറും ദീപ്തി തന്നെ. കെ.പി.സി.സി സംഘാടന പദവിയിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരെ മേയറായി പരിഗണിക്കണമെന്ന പാർട്ടി സർക്കുലറും ദീപ്തിക്ക് അനുകൂലം. ഇക്കാര്യം ദീപ്തിയെ അനുകൂലിക്കുന്നവർ ഉയർത്തുന്നുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയുള്ള ദീപ്തി ലത്തീൻ സമുദായ അംഗമല്ല. ഇതാണ് ദീപ്തിക്ക് മുന്നിലെ വെല്ലുവിളി.
സഭ ഷൈനിക്കൊപ്പം
ലത്തീൻ സമുദായംഗത്തെ പരിഗണിച്ചാൽ വി.കെ. മിനിമോൾക്ക് നറുക്ക് വീഴും. മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്നു മിനിമോൾ. ഭരണപരിചയമുണ്ടെന്നതാണ് മേൽക്കൈ. എന്നാൽ ഷൈനി മാത്യുവിന് അനുകൂലമായാണ് ലത്തീൻ സഭാ നീക്കം. പശ്ചിമകൊച്ചി സമവാക്യവും ഷൈനിക്ക് അനുകൂലം. മാത്രമല്ല, 2015ലും ഷൈനി മാത്യുവിനെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. അന്ന് സൗമിനി ജെയിൻ മേയറായെങ്കിലും പകുതി ടേം കഴിയുമ്പോൾ ഷൈനിയെ മേയറാക്കണമെന്ന ധാരണയുണ്ടാക്കി. എന്നാൽ സൗമിനി തുടർന്നു. 2015ലെ അവകാശവാദം ഷൈനി ഉയർത്തുന്നുണ്ട്. രണ്ട് ബ്ലോക്ക് പ്രസിഡന്റുമാർ ഷൈനിയെ മേയറാക്കണമെന്ന് പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയതായും വിവരമുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് മേയർ ചർച്ചകൾ പുരോഗമിക്കുന്നത്. യു.ഡി.എഫിൽ നിന്ന് ജയിച്ച 18 അംഗങ്ങൾ ലത്തീൻ സഭയിൽ നിന്നുള്ളവരാണ്. അർഹിക്കുന്ന പങ്കാളിത്തവും നേതൃത്വവും ലത്തീൻ വിഭാഗത്തിന് വേണമെന്ന് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് സഭ കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു. സാമുദായിക സഭകളുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് പറയുമ്പോഴും പരിഗണന നൽകിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്.