കേരളത്തിലെ ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി വനംവകുപ്പ്

Sunday 21 December 2025 5:11 PM IST

കൽപ്പറ്റ: വയനാട്, നീലഗിരി, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങളിൽ അടക്കം വനത്തോട് ചേർന്ന് താമസിക്കുന്നവരും വനത്തിൽ ജോലി ചെയ്യേണ്ടി വരുന്നവർക്കും മുന്നറിയിപ്പുമായി വനംവകുപ്പ്. വനത്തിനുള്ളിൽ കടുവകളുടെ പ്രജനന കാലമായതിനാൽ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളിൽ കടുവകൾ അതീവ ജാഗ്രതയുള്ളവരായിരിക്കും.

മുന്നറിയിപ്പ്

  • അതിരാവിലെ കാടിനുള്ളിലൂടെയോ ഓരം ചേർന്നോ ഉള്ള വഴികളിലെ ഒറ്റക്കുള്ള യാത്രകൾ ഒഴിവാക്കുക.
  • വനത്തിലൂടെ നടക്കുന്ന സമയത്ത് ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കി നടക്കാൻ ശ്രദ്ധിക്കുക. വന്യജീവികൾ വഴികളിലുണ്ടെങ്കിൽ മാറിപോകുന്നതിന് ഇത് സഹായിക്കും.
  • ഗോത്ര ജനവിഭാഗങ്ങൾ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുമ്പോൾ വെെകുന്നേരത്തിന് മുമ്പായി തിരികെയെത്താൻ ശ്രദ്ധിക്കണം. ഒറ്റയ്ക്ക് കാട് കയറാതെ മൂന്നോ നാലോ പേരുള്ള സംഘങ്ങളായി പോകണം.
  • ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് വനത്തിനുള്ളിലൂടെയും ഓരം ചേർന്നുമുള്ള യാത്രകൾ ഒഴിവാക്കുക.
  • വനഭൂമിയിലേക്ക് കന്നുകാലികളെ മേയ്ക്കാൻ വിടാതിരിക്കുക. വനത്തിനടുത്തുള്ള കൃഷി ഭൂമികളിൽ കാലികളെ കെട്ടിയിടുമ്പോഴും ജാഗ്രത പാലിക്കണം.
  • സ്വകാര്യ ഭൂമിയിലെ പ്രത്യേകിച്ച് വനപ്രദേശങ്ങളോട് ചേർന്നുള്ള ഭൂമി കാടുക്കയറി കിടക്കാൻ അനുവദിക്കരുത്.
  • കാടുമൂടിയ സ്വകാര്യ സ്ഥലങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ ഊ വിവരം പഞ്ചായത്തിനെയോ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കുക.
  • രാത്രിയിൽ കന്നുകാലികളെ തൊഴുത്തിൽ തന്നെ കെട്ടുക. തൊഴുത്തിൽ ലെറ്റ് ഇടാൻ മറക്കാതിരിക്കുക. ഇതിന് പുറമെ വന്യമൃഗശല്യത്തിന് സാദ്ധ്യതയുണ്ടാകുന്ന പക്ഷം തൊഴുത്തിനടുത്ത് വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ച ശേഷം തീയിടുക.
  • കടുവയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വനംവകുപ്പിനെ അറിയിക്കുക.

വയനാട് വന്യജീവി സങ്കേതം -9188407547

സൗത്ത് വയനാട് ഡിവിഷന്‍ -9188407545

നോര്‍ത്ത് വയനാട് ഡിവിഷന്‍ -9188407544