'മരിച്ചവരും അവർ വിട്ടുപോയ പ്രിയപ്പെട്ടവരും ഇതിലും നല്ല ആദരം അർഹിക്കുന്നില്ലേ?​'

Sunday 21 December 2025 5:11 PM IST

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസൻ വിടപറഞ്ഞത് വിങ്ങലോടെയാണ് മലയാളികൾ ഓർക്കുന്നത്. അദ്ദേഹത്തെ അവസാനമായി കാണാനെത്തിയ സഹപ്രവർത്തകരുടെയും മറ്റ് പ്രമുഖരുടെയും ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ശ്രീനിവാസന്റെ വിയോഗം അനുഭവിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വിഷമം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചാണ് സുപ്രിയ പ്രതികരിച്ചിരിക്കുന്നത്. നാം സ്വയം ആത്മപരിശോധന നടത്തി നമ്മുടെ പെരുമാറ്റം തിരുത്തേണ്ട സമയമായെന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. ഇതോടെ സുപ്രിയ പിന്തുണച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.

'ദുഃഖം അത്യന്തം വ്യക്തിപരമായ ഒരു കാര്യമാണ്. തങ്ങളുടെ പ്രിയപ്പെട്ടയാളെ നഷ്ടപ്പെട്ട ഒരു കുടുംബത്തിന് ദുഃഖം പ്രകടിപ്പിക്കാൻ ഇടം ലഭിക്കാതെ പോകുന്നത് അതീവ ദുഃഖകരമാണ്. എല്ലായിടത്തും ക്യാമറകളും മൊബൈൽ ഫോണുകളും. കോണുകളിൽ സെൽഫികൾ, അഭിനേതാക്കൾ കടന്നുപോകുന്നത് ചൂണ്ടിക്കാണിക്കുന്ന ആളുകൾ. അവരിൽ പലരും തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകനെ നഷ്ടപ്പെട്ട ദുഃഖത്തിലാണ്. മരിച്ചവർക്കും അവർ വിട്ടുപോയ പ്രിയപ്പെട്ടവർക്കും ഇതിലും നല്ല ആദരം അർഹമല്ലേ?​ ജീവിതത്തിലെ ഓരോ നിമിഷവും ഒരു പ്രദർശനമായി മാറിയിരിക്കുന്നത് ദുഃഖകരമായ കാര്യമാണ്. ഈ ദുരന്തത്തിന്റെ നടുവിൽ കഴിയുന്ന കുടുംബത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. നാം സ്വയം ആത്മപരിശോധന നടത്തി നമ്മുടെ പെരുമാറ്റം തിരുത്തേണ്ട സമയമായി. ഇത്രത്തോളം മീഡിയ കവറേജിന്റെ ആവശ്യമുണ്ടോ?​'- സുപ്രിയ കുറിച്ചു.