ഉറങ്ങിക്കിടക്കുന്ന മനുഷ്യരെ പാമ്പ് കടിക്കുമോ? കേരളത്തിലെ ഈ സംഭവം ഇപ്പോള്‍ പഠനവിഷയം

Sunday 21 December 2025 6:59 PM IST

തിരുവനന്തപുരം: പാമ്പിന്റെ കടിയേറ്റുള്ള മരണങ്ങള്‍ അടുത്തകാലത്തായി കേരളത്തില്‍ വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍. അബദ്ധത്തില്‍ പാമ്പിന്റെ കടിയേറ്റുള്ള മരണങ്ങള്‍ നിരവധിയാണെങ്കിലും കേരളത്തെ ഞെട്ടിച്ച സംഭവമാണ് അഞ്ചലിലെ ഉത്ര കൊലക്കേസ്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭിന്നശേഷിക്കാരിയായ ഉത്രയെ കൊലപ്പെടുത്തുകയായിരുന്നു ഭര്‍ത്താവ് അടൂര്‍ സ്വദേശിയായ സൂരജ്. 2020 മേയ് മാസത്തില്‍ നടന്ന ഈ സംഭവം ഇന്ന് ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമാണ്.

ചെന്നൈയില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കോടികളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനുള്ള ശ്രമമാണ് ഉത്ര കേസ് വീണ്ടും ചര്‍ച്ചയാകുന്നതിന് പിന്നില്. ഈ കേസ് ഇന്ന് ഐപിഎസ് ആസ്ഥാനത്ത് പഠനവിഷയവുമാണ്. ചെന്നൈ തിരുത്തണിയില്‍ മൂന്ന് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ മക്കള്‍ അച്ഛനെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. കേസില്‍ പ്രതികളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഉത്ര കേസ് പഠിപ്പിക്കുന്നുണ്ടെന്നാണ് കേസിലെ പ്രോസിക്യൂട്ടര്‍ കൂടിയായ മോഹന്‍രാജ് പ്രതികരിച്ചത്.

ഉറങ്ങിക്കിടക്കുന്നവരെ മൂര്‍ഖന്‍ പാമ്പുകള്‍ കടിക്കില്ലെന്ന ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രതികളെ കണ്ടെത്താനും പിടികൂടാനും പിന്നീട് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതിനും പിന്നില്‍. അതുപോലെ തന്നെ രണ്ടാമത്തെ നിലയിലേക്ക് മൂര്‍ഖന്‍ പാമ്പ് എങ്ങനെ കയറും എന്ന വാവ സുരേഷിന്റെ ചോദ്യവും കേസില്‍ നിര്‍ണായകമായി മാറിയിരുന്നു.

തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഉപകരണം വെച്ച് ഏത് പാമ്പാണ് കടിച്ചതെന്ന് കണ്ടെത്താനാകും. അവിടെ നിന്നുള്ള ഫലവും അന്ന് കേസിന് ഉപകാരമായി. രാജ്യത്ത് ഇവിടെ മാത്രമേ കടിച്ചത് ഏത് പാമ്പാണെന്ന് തിരിച്ചറിയുന്ന സംവിധാനം ഉള്ളൂ. ഉത്ര കേസ് സമയത്താണ് രാജ്യത്ത് ആദ്യമായി ഈ സംവിധാനം നിലവില്‍ വന്നത്. നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയിലും ഉത്ര കേസ് ചര്‍ച്ചയിലുള്ള വിഷയമാണ്. ഉത്ര വധക്കേസ് അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയമാക്കിയിരുന്നു.- മോഹന്‍രാജ് പറഞ്ഞിരുന്നു.