കിഴക്കമ്പലത്ത് ട്വന്റി20 ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ഇന്നുമുതൽ വീണ്ടും തുറക്കും
കിഴക്കമ്പലം: കിഴക്കമ്പലത്തെ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ഇന്നുമുതൽ വീണ്ടും തുറക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ മാർക്കറ്റ് തുറക്കുമെന്നത് ട്വന്റി20യുടെ വാഗ്ദാനമായിരുന്നു. മാർക്കറ്റ് ദീർഘകാലം അടഞ്ഞുകിടന്നതിനാൽ ജനുവരി അവസാനത്തോടെ മാത്രമേ പൂർണതോതിൽ പ്രവർത്തനക്ഷമമാകുകയുള്ളൂവെന്നും ഈ ആഴ്ചയിൽത്തന്നെ പുതിയ ലോയൽറ്റി കാർഡുകളുടെ വിതരണം ആരംഭിക്കുമെന്നും സാബു എം. ജേക്കബ് അറിയിച്ചു. പുതിയ കാർഡുകൾ ലഭ്യമാകുന്ന മുറയ്ക്ക് അധിക ഡിസ്‌കൗണ്ട് പ്രാബല്യത്തിൽ വരും. പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും 60 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കുമെന്ന ട്വന്റി20യുടെ ഇച്ഛാശക്തിയുടെ വിജയമാണ് മാർക്കറ്റിന്റെ തിരിച്ചുവരവെന്നും സാബു പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനിടയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയെ തുടർന്ന് മാർക്കറ്റ് അടപ്പിച്ചത്. രാഷ്ട്രീയ മുന്നണികളായിരുന്നു ഇതിന് പിന്നിൽ. ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ഉള്ളതുകൊണ്ടാണ് ട്വന്റി20 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നതെന്ന ആരോപണങ്ങളും ശക്തമായിരുന്നു. എന്നാൽ മാർക്കറ്റ് ഇല്ലാതെ തന്നെ കിഴക്കമ്പലത്ത് മൂന്നാംതവണയും ട്വന്റി20 ഭരണതുടർച്ച നേടി.
ഇടത്-വലത് മുന്നണികൾ ഉൾപ്പെടെ 25 പാർട്ടികൾ ഒന്നിച്ചുനിന്നും അപരന്മാരെ നിരത്തിയും നേരിട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ട്വന്റി20ക്ക് വോട്ട് വിഹിതത്തിൽ വലിയ വർദ്ധനയുണ്ടായി. രാഷ്ട്രീയ എതിരാളികൾക്കുമേൽ വ്യക്തമായ മേൽക്കൈ നേടാനും പാർട്ടിക്ക് സാധിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ നാല് സീറ്റുകൾ നഷ്ടപ്പെട്ടത് അപരന്മാർ കാരണമാണെന്നും പാർട്ടി വിലയിരുത്തുന്നതായി സാബു എം. ജേക്കബ് പറഞ്ഞു.