കൃഷി ഇല്ലാതാകുമ്പോൾ മനുഷ്യൻ ഇല്ലാതാകുന്നുവെന്ന് 'നിലം' ഓർമ്മിപ്പിക്കുന്നു: മാനസി
തൃശൂർ: കൃഷി ഇല്ലാതാകുമ്പോൾ മനുഷ്യൻ തന്നെ ഇല്ലാതാകുന്നുവെന്ന സത്യമാണ് എസ്.മഹാദേവൻ തമ്പിയുടെ 'നിലം' എന്ന നോവൽ ഓർമ്മിപ്പിക്കുന്നതെന്ന് എഴുത്തുകാരി മാനസി. ഗ്രീൻ ബുക്ക്സിന്റെ 'വാക്കിടം' പുസ്തകോത്സവത്തിൽ 'നിലം' പ്രകാശനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിന്റെ കാർഷികസംസ്‌കൃതിയുടേയും സാമൂഹ്യരാഷ്ട്രീയ ഇടപെടലുകളുടേയും ചരിത്രം കൂടിയാണിത്. മനുഷ്യനും ഭൂമിയും തമ്മിലുളള ആത്മസബന്ധമാണ് നോവൽ അനാവരണം ചെയ്യുന്നത്. സാമൂഹികവും സാംസ്‌കാരികവുമായ ബന്ധങ്ങൾക്കപ്പുറം വൈകാരിക ബന്ധം കാർഷികജനതയ്ക്ക് നെൽവയലുളോടുണ്ടെന്ന് പുസ്തകം അടിവരയിടുന്നു. അതിന് നിർവചനങ്ങളില്ലെന്നും ഈ കൃതി ബോദ്ധ്യപ്പെടുത്തുന്നു. തെക്കും വടക്കുമുളള കേരളത്തിന്റെ വ്യത്യാസവും വ്യക്തമാക്കുന്ന അറിവിന്റെ ശേഖരമാണിതെന്നും അവർ പറഞ്ഞു. കൃഷിയിടങ്ങൾ ഇല്ലാതാകുമ്പോൾ ഭരണാധികാരികളുടെ കണ്ണുതുറക്കാൻ ഈ കൃതി ഉപകരിക്കട്ടെയെന്ന് പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരി ഒ.വി. ഉഷ പറഞ്ഞു. ഡോ.മിനി പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. ഒരു നൂറ്റാണ്ടിന്റെ ചരിത്രവും കേരളത്തിന്റെ പൂർവ്വകാലജീവിതവുമാണ് കൃതിയിലുളളതെന്ന് ഡോ.മിനി പറഞ്ഞു. കെ.ജി. രഘുനാഥ് പ്രസംഗിച്ചു.
നിലം ഭാവനാസൃഷ്ടിയല്ലെന്നും യാഥാർത്ഥ്യങ്ങളാണെന്നും എസ്.മഹാദേവൻ തമ്പി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ബാല്യകൗമാരങ്ങളിൽ അറിഞ്ഞതും കേട്ടതുമായ കാര്യങ്ങളാണ് നോവലിലുളളത്.
ഒരുപാട് വസ്തുതകൾ പരിശോധിച്ച് ആറ് മാസം കൊണ്ടാണ് എഴുത്ത് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻ ബുക്ക്സ് മാനേജിംഗ് ഡയറക്ടർ ഇ.കെ. നരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഗ്രീൻബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.