അഖില മലങ്കര സുവിശേഷ മഹായോഗത്തിന് കൊടിയേറി
പുത്തൻകുരിശ്: 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനത്ത് നടക്കുന്ന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ പതാക ഉയർത്തി. മെത്രാപ്പൊലീത്തമാരായ മോർ അത്താനാസിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി സി. മാത്യു ജേക്കബ്, സുവിശേഷ സംഘം വൈസ് പ്രസിഡന്റ് വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ എന്നിവരും വൈദികരും വിശ്വാസികളും സംബന്ധിച്ചു.
ഉച്ചയ്ക്ക് 2.30ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽനിന്ന് പുറപ്പെട്ട പതാകഘോഷയാത്ര പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ കവാടത്തിൽ എത്തിയപ്പോൾ വ്യാപാരി അസോസിയേഷൻ പ്രസിഡന്റ് റെജി പോളിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് സുവിശേഷ നഗറിൽ എത്തിച്ചു. 26ന് തുടങ്ങുന്ന സുവിശേഷയോഗത്തിൽ പകലും രാത്രിയുമായി നാൽപ്പതോളം പ്രസംഗകർ വചനശുശ്രൂഷ നടത്തും. 'കേനോറൊ'യുടെ 101അംഗ ഗാനശുശ്രൂഷയും നടക്കും. "ഉയരത്തിലുള്ളതുതന്നെ ചിന്തിക്കുവിൻ" എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.