ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ റെയില്‍വേ ചെലവാക്കുന്നത് എത്ര രൂപ? പെന്‍ഷന് വേറെയും പണം വേണം

Sunday 21 December 2025 8:08 PM IST

ന്യൂഡല്‍ഹി: റെയില്‍വേയില്‍ ഒരു ജോലി എന്നത് പലരുടേയും സ്വപ്‌നമാണ്. സമൂഹത്തിലുണ്ടാകുന്ന അന്തസ്സിനൊപ്പം സാമ്പത്തികഭദ്രതയും ഉറപ്പുതരുന്നുവെന്നതാണ് അതിന് കാരണം. ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങള്‍ വേറെയുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവ് കൂടിയാണ് റെയില്‍വേ എന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാം. ശമ്പളം നല്‍കാനും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനുമായി ലക്ഷക്കണക്കിന് കോടി രൂപയാണ് റെയില്‍വേ ചെലവാക്കുന്നത്.

ഇപ്പോഴിതാ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേക്ക് ശമ്പളം പെന്‍ഷന്‍ എന്നീ ഇനങ്ങളില്‍ വരുന്ന ചെലവും ചര്‍ച്ചാ വിഷയമാണ്. റെയില്‍വേയുടെ ചെലവിലുണ്ടായ വര്‍ദ്ധനവാണ് നിരക്ക് പരിഷ്‌കാരണത്തിന് പ്രധാന കാരണമായത്. നിലവില്‍ ജീവനക്കാരുടെ ശമ്പളഇനത്തില്‍ മാത്രം 1,15,000 കോടി രൂപ റെയില്‍വേയ്ക്ക് വേണം. പെന്‍ഷന് 60,000 കോടി രൂപയാണ് ചെലവ്. 2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ ആകെ പ്രവര്‍ത്തന ചെലവ് 2,63,000 കോടി രൂപയായി വര്‍ദ്ധിച്ചു.

ഈ അധിക ബാദ്ധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളില്‍ ചെറിയതോതിലുള്ള മാറ്റങ്ങളും ഇപ്പോള്‍ റെയില്‍വേ വരുത്തിയിരിക്കുകയാണ്. 215 കിലോമീറ്ററിന് മുകളിലേക്കുള്ള യാത്രയ്ക്കാണ് ടിക്കറ്റ് നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. 2025 ഡിസംബര്‍ മാസം 26 മുതലാണ് പുതുക്കിയ നിരക്കുകള്‍ യാത്രക്കാര്‍ക്ക് ബാധകമാകുക.

215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം നല്‍കണം. മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ നോണ്‍ - എസി, എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. 215 കിലോമീറ്ററില്‍ താഴെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. അതായത് നോണ്‍ - എസി കോച്ചില്‍ 500 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് 10 രൂപ മാത്രമാണ് അധികമായി ചെലവാകുക.