ഇക്കാര്യത്തില്‍ മത്സരിച്ച് വിമാനക്കമ്പനികള്‍; കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും ഒരേ അവസ്ഥ

Sunday 21 December 2025 8:31 PM IST

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുന്നത് സാധാരണയാണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിരക്ക് വര്‍ദ്ധന വലിയ അളവില്‍ കൂടിയത് യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാകുന്നു. വിമാനടിക്കറ്റ് നിരക്കില്‍ പരിധി നിശ്ചയിച്ച കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നടപടി പിന്‍വലിച്ചതിന് പിന്നാലെയാണ് വിമാനക്കമ്പനികള്‍ തോന്നുംപടി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഡിമാന്‍ഡ് കൂടുമ്പോള്‍ നിരക്ക് കൂട്ടുന്നത് സ്വാഭാവികമായും വിപണിയിലെ ട്രെന്‍ഡാണെന്ന് പറഞ്ഞാണ് അധികൃതര്‍ കൈയൊഴിയുന്നത്.

നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയതോടെ കേരളത്തിലെ നാല് വിമാനത്താവളത്തിലേക്കുമുള്ള ആഭ്യന്തര വിമാനടിക്കറ്റിനും രണ്ടും മൂന്നും ഇരട്ടിയാണ് വില വര്‍ദ്ധിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പ്രതിസന്ധി ഉടലെടുത്ത ഘട്ടത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 15ന് ശേഷം ഇത് പിന്‍വലിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ അസാധാരണ സാഹചര്യമുണ്ടായാല്‍ വീണ്ടും ഇടപെടുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്.

അതേസമയം സീസണ്‍ കഴിയുമ്പോള്‍ ഇന്‍ഡിഗോയുടെ തിരിച്ച് വരവിലൂടെ യാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2200 സര്‍വീസുകള്‍ നടത്തിയിരുന്ന ഇന്‍ഡിഗോ പ്രതിസന്ധിഘട്ടത്തില്‍ ആകെ സര്‍വീസുകള്‍ 700 വരെയാക്കി ചുരുക്കിയിരുന്നു. എന്നാല്‍ കമ്പനി വീണ്ടും പൂര്‍ണതോതിലുള്ള സര്‍വീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലേക്ക് പ്രധാനമായും, ബംഗളൂരു, ന്യൂഡല്‍ഹി, ചെന്നൈ, മുംബയ് എന്നീ നഗരങ്ങളില്‍ നിന്നുള്ള വിമാനടിക്കറ്റുകള്‍ക്കാണ് നിരക്ക് വര്‍ദ്ധന കൂടുതലായി രേഖപ്പെടുത്തുന്നത്.

വര്‍ദ്ധിപ്പിച്ച നിരക്ക് (റൂട്ട്, കൂട്ടിയ നിരക്ക്, സാധാരണ നിരക്ക് ക്രമത്തില്‍)

ബംഗളൂരു-തിരുവനന്തപുരം..............12,750- 13,900 ............................ 4000-4500

ബംഗളൂരു- കൊച്ചി.............................. 8,750- 9,000 ................................ 4000- 4500

ബംഗളൂരു- കണ്ണൂര്‍...............................8,600- 9,400 .................................3,700- 4500

ചെന്നൈ- കൊച്ചി............................... 11,500- 13,400 ............................ 4,000 - 5,300

ചെന്നൈ-തിരുവനന്തപുരം...............13,750- 17,000 ............................. 5,500 - 6,000

ഡല്‍ഹി- കൊച്ചി................................ 15,800- 19,000 ............................. 8,500 - 9,500

ഡല്‍ഹി- തിരുവനന്തപുരം.................16,750- 19,000 ............................ 8,000 - 8,500

മുംബയ്- കൊച്ചി................................ 14,500- 16,000 ............................5,300 - 6,000

മുംബയ്- തിരുവനന്തപുരം............... 15,000- 16,500 ............................ 7,000 - 7,500