ആദ്യദിനത്തിൽ 70,000 ബുക്കിംഗ്: വിപണി കൊഴുപ്പിച്ച് ടാറ്റ സിയറ
കൊച്ചി: ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയ ടാറ്റ സിയറയുടെ ജനപ്രീതി കുതിക്കുന്നു. ബുക്കിംഗ് ആരംഭിച്ച ആദ്യദിവസം 70,000ൽ അധികം ബുക്കിംഗുകൾ നേടി. ബുക്കിംഗ് പൂർത്തിയാക്കുന്നതിന് 1.35 ലക്ഷം ഉപഭോക്താക്കൾ ഇഷ്ട മോഡൽ തിരഞ്ഞെടുത്തു. ഉപഭോക്താക്കളുടെ താത്പര്യത്തിനും വിശ്വാസ്യതയ്ക്കും പുതിയ മാനദണ്ഡം സിയറ സൃഷ്ടിച്ചെന്ന് ടാറ്റാ അവകാശപ്പെട്ടു. ബുക്കിംഗിലെ പ്രതികരണം സിയറയുടെ പദവിയും ഉപഭോക്താക്കളുടെ ഹൃദയത്തിലും മനസിലും പ്രീമിയം മദ്ധ്യനിര എസ്.യു.വിയെന്ന നിലയിലെ ആകർഷണീയത വ്യക്തമാക്കുന്നു.
ടാറ്റ സിയറക്ക് ലഭിച്ച വമ്പൻ പ്രതികരണം നാഴികക്കല്ലാണ്. മാനദണ്ഡങ്ങളെ പുനർ നിർവചിക്കുന്നതിനൊപ്പം സിയറ പുതിയ സെഗ്‌മെന്റിനു തുടക്കമിട്ടു. ഉപഭോക്താക്കളുടെ മാറുന്ന അഭിലാഷങ്ങളെക്കുറിച്ചുള്ള ആഴമായ ധാരണയിലാണ് തങ്ങളുടെ മദ്ധ്യനിര എസ്.യു.വി എന്താകണമെന്ന് സിയറ വ്യക്തമാക്കുന്നത്. സ്ഥലം, സുഖം, ആഢംബരം, സുരക്ഷ, ദൈനംദിന ഉപയോഗക്ഷമത എന്നീ മാനങ്ങളെല്ലാം സിയറ മെച്ചപ്പെടുത്തി. ഒരു വാഹനം എന്നതിലുപരി പുരോഗതിയുടെയും വ്യക്തിത്വത്തിന്റെയും അഭിലാഷത്തിന്റെയും പ്രതീകമായി സിയറ മാറുകയാണ്.
വിവേക് ശ്രീവാത്സ
ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി
തിരിച്ചുവരവ്
നവംബർ 25നാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് പുതിയ ടാറ്റ സിയറ മുംബെയിൽ പുറത്തിറക്കിയത്. മൂന്ന് പതിറ്റാണ്ടുകളായി ഉപഭോക്താക്കൾ ഇഷ്‌ടപ്പെടുന്ന വാഹനം പുനർജന്മമായാണ് ടാറ്റാ വിവരിക്കുന്നത്. പുതിയ യുഗത്തിനായി സൂക്ഷ്മമായി രൂപകല്പന ചെയ്ത സിയറ, അതിന്റെ പൈതൃകവും സവിശേഷതയും നിലനിറുത്തുന്നു. അത്യാധുനിക ആധുനികതയെ സ്വീകരിക്കുകയും ചെയ്യുന്നു. 1.5 ലിറ്റർ ക്രിയോജെറ്റ് ഡീസൽ, 1.5 ലിറ്റർ ടി.ജി.ഡി ഹൈപ്പീരിയൻ പെട്രോൾ, 1.5 ലിറ്റർ എൻ.എ റെവോട്രോൺ പെട്രോൾ എന്നീ അത്യാധുനിക പവർട്രെയിനുകളിൽ സിയറ ലഭിക്കും.