30 വയസ്സ് കഴിയുമ്പോള്‍ ആണിനും പെണ്ണിനും സംഭവിക്കുന്നത് ഈ മാറ്റം; വിദഗ്ദ്ധര്‍ പറയുന്നത് ഇപ്രകാരം
30 വയസ്സ് എന്നത് ഒരു ചെറിയ പ്രായമാണ് സമൂഹം കണക്കാക്കുന്നത്. എന്നാല്‍ ആരോഗ്യ കാര്യങ്ങളില്‍ കൃത്യവും കര്‍ശനവുമായ ശ്രദ്ധ വേണ്ടുന്ന പ്രായമാണ് 30 എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. അതിനുള്ള കാരണം വളരെ പ്രധാനപ്പെട്ടതുമാണ്. ആരോഗ്യത്തില്‍ വളരെ അധികം ശ്രദ്ധ നല്‍കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുന്നവരില്‍ പോലും സ്ത്രീ പുരുഷ വ്യത്യമസമില്ലാതെ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ് അമിതവണ്ണം, കുടവയര്‍ പോലുള്ളത്.
അമിതവണ്ണം ആണ് പലപ്പോഴും ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നത്. ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത് അനുസരിച്ച് ഒരു വ്യക്തി ചെയ്യുന്ന വ്യായാമമോ ഭക്ഷണക്രമീകരണമോ ചെറുപ്പത്തില്‍ നല്‍കിയിരുന്ന ഗുണം നല്‍കില്ല. അതുകൊണ്ട് തന്നെ ഭക്ഷണക്രമീകരണവും വ്യായാമവും കൃത്യമാണെങ്കില്‍പ്പോലും കുടവയറുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രായമാകുന്തോറും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (Metabolism) മന്ദഗതിയിലാകുന്നതും കൊഴുപ്പ് ശേഖരിക്കുന്ന രീതി മാറുന്നതുമാണ് ഇതിന് പ്രധാന കാരണം.
മുപ്പത് വയസ്സിന് ശേഷം കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിന് പലപ്പോഴും വേഗത കൂടുകയും ചെയ്യും. 30 പിന്നിട്ട് കഴിഞ്ഞാല്‍ പേശികളുടെ ബലം കുറയുന്നതും വേഗത്തിലാകും. ശരീരം ഉപയോഗിക്കുന്ന ഗ്ലൂക്കോസിന്റെ 70 മുതല്‍ 80 ശതമാനം വരെ വിനിയോഗിക്കുന്നത് പേശികളായതിനാല്‍, പേശിബലം കുറയുന്നത് വഴി പഞ്ചസാരയുടെ അളവ് രക്തത്തില്‍ കൂടുകയും അത് അടിവയറ്റില്‍ കൊഴുപ്പായി മാറുകയും ചെയ്യുന്നു. ഇതിനോടൊപ്പം ശരീരത്തിന്റെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയില്‍ ഉണ്ടാകുന്ന കുറവും ഒരു കാരണമാണ്.
ആ കുറവ് കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാനും അരക്കെട്ടിന് ചുറ്റും വേഗത്തില്‍ കൊഴുപ്പ് അടിയുന്നതിലേക്കും നയിച്ചേക്കാം. ഇത് കുടവയറിനും അമിതവണ്ണത്തിനും കാരണമായി മാറുകയും ചെയ്യും. ശരീരഭാരം കൂടാതെ തന്നെ വയറിന്റെ വലിപ്പം വര്‍ദ്ധിക്കുക, ഉച്ചസമയങ്ങളില്‍ അനുഭവപ്പെടുന്ന അമിത ക്ഷീണം, മധുരത്തോടുള്ള ആസക്തി, കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിച്ചാലുടന്‍ ഉണ്ടാകുന്ന വയറു വീര്‍ക്കല്‍ എന്നിവ മെറ്റബോളിസം കുറയുന്നതിന്റെ ലക്ഷണങ്ങളാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.