'കള്ളിയങ്കാട്ട് നീലി'യെ പുനരാവിഷ്കരിച്ച് സജിത്
ചെറുവത്തൂർ: പ്രിയദർശന്റെ 'ലോക' സിനിമയിലൂടെ തലമുറകൾ പാടി നടന്ന കള്ളിയങ്കാട്ടു നീലി വീണ്ടും ചർച്ചയാകുമ്പോൾ കള്ളിയങ്കാട്ടു നീലിയെയും കടമറ്റത്ത് കത്തനാരെയും ശ്രദ്ധേയമായ നിലയിൽ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് സിനിമകളിൽ ആർട്ട് വർക്കുകൾ ഒരുക്കി പരിചിതനായ കണ്ണൂരിലെ സജിത് മുണ്ടയാട്.
നീലിയെയും നീലി വിഹരിച്ച പഞ്ചവൻ കാടും നീലിയെ തളച്ച കത്തനാരെയും ഇതാദ്യമായി അതുപോലെ ഒരുക്കിയിരിക്കുന്നത് മർച്ചന്റ്‌സ് അസോസിയേഷൻ ആതിഥ്യമരുളുന്ന ചെറുവത്തൂർ ഫെസ്റ്റിലാണ്. ചെറുവത്തൂർ ടൗണിനോട് ചേർന്ന് ആരും കാണാതെ പോയിരുന്ന യഥാർത്ഥ കാട്ടിനുള്ളിലാണ് നീലിയെ സെറ്റ് ചെയ്തിരിക്കുന്നത് എന്നതാണ് സവിശേഷത.
ലോകർക്ക് നീലി യക്ഷിയാണെങ്കിലും കള്ളിയങ്കാട്ടുകാർക്ക് ആഗ്രഹിച്ചതെല്ലാം നൽകുന്ന ദേവിയായിരുന്നു നീലി എന്നാണ് ചരിത്രം. വഞ്ചിക്കപ്പെട്ട ദേവത പുനർജനിച്ചു സമൂഹത്തിന് നന്മ പകരുന്ന സന്ദേശവുമായി എത്തുന്ന ദൃശ്യാവിഷ്ക്കാരം ഒരുക്കിയത് ഏറെ ആസ്വാദന മികവോടെയാണ്. പറന്നുപോകുന്ന യക്ഷി, ഊഞ്ഞാലാടുന്ന യക്ഷി, കത്തനാരുമായി സംഭാഷണം നടത്തുന്ന യക്ഷി തുടങ്ങി നീലിയുടെ വ്യത്യസ്ത തലങ്ങൾ പുതിയ തലമുറയെ പരിചയപ്പെടുത്തുന്നുണ്ട്. ആണിയടിച്ചു തളക്കാൻ എത്തിയ കത്തനാരോട് 'സ്ത്രീ പീഡനം നടക്കുന്ന സ്ഥലത്ത് ഞാൻ ഓടിയെത്തുമെന്നും ഗോവിന്ദച്ചാമിമാരുടെ നെഞ്ചത്താണ് അണിയടിക്കേണ്ടതെന്നും നീലി പറയുന്ന രംഗം വലിയ സന്ദേശമാണ്. മരണത്തിന് ശേഷം മദ്യവിപത്തിനെതിരെ സംസാരിച്ചു കൊണ്ടിരിക്കുന്ന ദമ്പതികളുടെ അസ്ഥികൂടവും നന്നായി ഒരുക്കി. പഞ്ചവൻ കാട്ടിൽ വിഹരിക്കുന്ന ചലിച്ചുകൊണ്ടിരിക്കുന്ന ആന, കരടി, കണ്ടാമൃഗം, സിംഹം, പുലി, മുള്ളൻപന്നി, മൂങ്ങകൾ, മുയലുകൾ, വേഴാമ്പൽ തുടങ്ങിയ മൃഗങ്ങളുടെ ദൃശ്യങ്ങളുമുണ്ട്.
30 വർഷമായി സിനിമ രംഗത്തുള്ള സജിത് മുണ്ടയാട് ജിത്തു ജോസഫ് സംവിധാനം ചെയ്ത ആസിഫലിയുടെ മിറാഷ്, കാഞ്ഞങ്ങാട് ഷൂട്ട് ചെയ്ത പ്രൊട്ടക്ടർ, ജയസൂര്യയും കഞ്ചാക്കൊ ബോബനും അഭിനയിച്ച ഗുലുമാൽ തുടങ്ങിയ സിനിമകൾക്കൊക്കെ ആർട്ട് വർക്ക് ചെയ്തിട്ടുണ്ട്.
ഉമേഷ് കല്ല്യാശേരിയുടെ സഹായത്തോടെയാണ് സംഭാഷണം സെറ്റ് ചെയ്തത്. വിശാഖ് എം. സഞ്ജീവ്, ഷാനിക് എന്നിവർ സഹായികളായി.
സിനിമകളിൽ ധാരാളം വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് നീലിയുടെയും കത്തനാരുടെയും യക്ഷിക്കഥ ഇങ്ങനെ ആവിഷ്‌കരിക്കുന്നത്. ഇവിടെ എത്തിയപ്പോൾ നീലിയെ ഒരുക്കാൻ ഒറിജിനൽ കാട് തന്നെ കിട്ടിയതാണ് വലിയ അനുഗ്രഹമായത്.
- സജിത് മുണ്ടയാട്