തകര്‍പ്പന്‍ പ്രകടനവുമായി ജമീമ റോഡ്രിഗ്‌സ്; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം

Sunday 21 December 2025 10:04 PM IST

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 14.4 ഓവറുകളില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ശ്രീലങ്കയെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ അനായാസ ജയം പിടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന സ്റ്റാര്‍ ബാറ്റര്‍ ജമീമ റോഡ്രിഗ്‌സ് ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

സ്‌കോര്‍: ശ്രീലങ്ക 121-6 (20) | ഇന്ത്യ 122-2 (14.4)

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍ ഷഫാലി വര്‍മ്മ 9(5)യുടെ വിക്കറ്റ് ആണ് ആദ്യം നഷ്ടമായത്. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന 25(25) റണ്‍സ് നേടി പുറത്തായി. 44 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളോടെ 69* റണ്‍സ് നേടി ജമീമയും 15*(16) റണ്‍സ് നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് മാത്രമാണ് നേടിയത്. 43 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത ഓപ്പണര്‍ വിഷ്മി ഗുണരത്നെ ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു 15(12), ഹാസിനി പെരേര 20(23), ഹര്‍ഷിത മാധവി 21(23), നിലാക്ഷി ഡി സില്‍വ 8(8), കവിഷ ദില്‍ഹരി 6(5) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. വിക്കറ്റ് കീപ്പര്‍ കൗഷിനി നുത്യാങ്കണ ആറ് പന്തുകളില്‍ നിന്ന് ഒമ്പത് റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ്മ, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.