സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് കൗൺസിലർക്ക് മുതി​ർന്ന നേതാവിന്റെ മർദ്ദനം

Monday 22 December 2025 12:10 AM IST

കൂത്താട്ടുകുളം: നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങിൽ നിയുക്ത കോൺഗ്രസ് കൗൺസിലർക്ക് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മർദ്ദനമേറ്റു. തിരഞ്ഞെടുപ്പ് സമയത്തെ അഭിപ്രായവ്യത്യാസങ്ങളുടെ തുടർച്ചയായിരുന്നു അതിക്രമം.

പതിനാറാം വാർഡ് കൗൺസിലർ ജോമി മാത്യു (30)വിനെയാണ് പി.കെ. ജോസഫ് (82) മർദ്ദിച്ചത്. മറ്റ് കൗൺസിലർമാരും നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി. പരിക്കേറ്റ ജോമിയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി പ്രഥമശുശ്രൂഷ നൽകി. തിരിച്ചെത്തി ഏറ്റവും ഒടുവിലാണ് ജോമി സത്യപ്രതിജ്ഞ ചെയ്തത്.

ജോമി ആദ്യമായാണ് മത്സരിക്കുന്നതും വിജയിക്കുന്നതും. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഹാളിലുണ്ടായിരുന്ന പി.കെ. ജോസഫ് പെട്ടെന്ന് ജോമിയുടെ ഇരിപ്പിടത്തിനു പി​ന്നി​ലേക്ക് പാഞ്ഞെത്തി​ മർദ്ദി​ക്കുകയായി​രുന്നു. സമീപത്തുണ്ടായിരുന്നവർ പി​ടി​ച്ചുമാറ്റി​​. ഇതി​നി​ടെ പ്രവർത്തകരി​ൽ ചി​ലർ ജോസഫിനെയും മർദ്ദി​ച്ചു. ജോസഫിനെ പൊലീസ് സ്റ്റേഷനി​ലേക്കു കൊണ്ടുപോയെങ്കിലും ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു. പ്രഥമ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം ജോമി മാത്യുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോൺ​ഗ്രസ് നേതൃത്വം ഇടപെട്ടി​ട്ടുണ്ട്. കുറ്റക്കാർക്കെതി​രെ ശക്തമായ നടപടി​ക്കൊരുങ്ങുകയാണ് ​ നേതൃത്വം.