ഒഴുകിയെത്തി ആയിരങ്ങൾ

Monday 22 December 2025 12:11 AM IST

തൃപ്പൂണിത്തുറ: ശ്രീനിവാസന് അന്തിമാഞ്ജലി അർപ്പിക്കാൻ ഉദയംപേരൂർ കണ്ടനാട്ടെ പാലാഴി വീട്ടിലേക്ക് ഇന്നലെ പുലർച്ചെ മുതൽ ജനപ്രവാഹമായിരുന്നു. ശ്രീനിയുടെയും ഭാര്യ വിമലയുടെയും നാടായ കണ്ണൂർ പാട്യത്ത് നിന്ന് ശ്രീനി​വാസന്റെ സഹോദരൻ രാജഗോപാലൻ ഉൾപ്പെടെ ബന്ധുക്കളും സുഹൃത്തുക്കളുമായി 50ഓളം പേരെത്തി. പത്തു മണിയോടെ വീടും പരിസരവും ജനങ്ങളാൽ നിറഞ്ഞു. ജനപ്രവാഹം ചടങ്ങുകൾ വൈകുന്നതിനും കാരണമായി.

തമിഴ് നടൻ സൂര്യ രാവിലെ ഏഴിന് അദരാഞ്ജലി അർപ്പിച്ചു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഗോകുലം ഗോപാലൻ,നടൻ പൃഥിരാജ്, ഫഹദ് ഫാസിൽ, മുകേഷ് എം.എൽ.എ, നടി അൻസിബ, വിമല നിഖിൽ, മഞ്ജു പിള്ള, പ്രിയങ്ക, രഞ്ജി​നി​ ഹരി​ദാസ്, സംവിധായകൻ സോഹൻ സീനുലാൽ, നിർമ്മാതാവ് ജി.സുരേഷ് കുമാർ, കേരളകോൺഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവർ എത്തി. സത്യൻ അന്തിക്കാട്, സംവിധായകൻ രഞ്ജി പണിക്കർ, നടന്മാരായ ദിലീപ്, വിനീത്, ടിനി ടോം, രമേഷ് പിഷാരടി, അനൂപ് മേനോൻ, നിവിൻ പോളി, അജു വർഗീസ്, മണികണ്ഠൻ തുടങ്ങിയവർ അതിരാവിലെ മുതൽ ചടങ്ങുകൾക്ക് നേതൃത്വം നൽകിയും സഹായികളായും തുടർന്നു.