ശബരിമലയിൽ അയ്യപ്പഭക്തർക്ക് കേരളീയസദ്യ തുടങ്ങി

Monday 22 December 2025 12:16 AM IST

ശബരിമല: അന്നദാനത്തിന്റെ ഭാഗമായി സന്നിധാനത്ത് തീർത്ഥാടകർക്ക് കേരളീയ സദ്യ വിളമ്പി തുടങ്ങി. ചോറ്, പരിപ്പ്, നെയ്യ്, സാമ്പാർ, രസം, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നീ വിഭവങ്ങളോടെയാണ് സദ്യ വിളമ്പിയത്. അവിയലും തോരനും എന്നത് ഓരോ ദിവസവും മാറും. മോര്, രസം അല്ലെങ്കിൽ പുളിശേരി ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക. ഓരോ ദിവസവും ഓരോ തരം പായസം കൊടുക്കും.

ഇന്നലെ ഉച്ചയ്ക്ക് 12ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു നിലവിളക്ക് കൊളുത്തി സദ്യ അയ്യപ്പന് സമർപ്പിച്ചു. തുടർന്ന് അന്നദാനത്തിനായി കാത്തുനിന്ന ഭക്തർക്ക് വിളമ്പി. സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് സദ്യക്ക് ഉപയോഗിക്കുന്നത്. ഓരോദിവസവും ഉച്ചയ്ക്ക് അയ്യായിരത്തിലധികം പേർക്കാണ് സദ്യ ഒരുക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യയും പുലാവും മാറി മാറി ഭക്തർക്ക് വിളമ്പും.

തീർത്ഥാടകർക്ക് കേരളീയസദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഒരു മാസം മുൻപ് അറിയിച്ചിരുന്നു. തങ്ങളുമായി ആലോചിക്കാതെ പ്രസിഡന്റ് സദ്യ പ്രഖ്യാപനം നടത്തിയതിൽ അംഗങ്ങളായ കെ.രാജനും സന്തോഷ് കുമാറും വിയോജിപ്പ് അറിയിച്ചത് വിവാദമായിരുന്നു. തയ്യാറെടുപ്പുകൾ നടത്താതെ കേരളീയ സദ്യ പ്രഖ്യാപിച്ചത് സാങ്കേതിക കുരുക്കുകളിൽപ്പെടുകയും ചെയ്തു. സൗകര്യങ്ങൾ ഒരുക്കുന്നതിലെ താമസം മൂലമാണ് സദ്യ വൈകിയതെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.