അടൂർ നഗരസഭയിലെ സത്യപ്രതിജ്ഞ

Sunday 21 December 2025 11:23 PM IST
അടൂർ നഗരസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിൽ ഏറ്റവും മുതിർന്ന അംഗം മിനി ശിവദാസൻ ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നു

അടൂർ : അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തോഡക്‌സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന അടൂർ നഗരസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വേദിയിലേക്ക് ആദ്യമെത്തിയത് എൻ.ഡി.എ കൗൺസിലർമാരും പ്രവർത്തകരുമാണ്. അടൂർ സെൻട്രൽ മൈതാനിയ്ക്ക് സമീപമുള്ള ഗാന്ധി പ്രതിമയിലും അംബേദ്‌കർ പ്രതിമയിലും പുഷ്പാർച്ചന അർപ്പിച്ചതിനു ശേഷം പ്രകടനമായാണ് എൻ.ഡി.എ പ്രവർത്തകർ ഓഡിറ്റോറിയത്തിൽ എത്തിയത്. അര മണിക്കൂറോളം താമസിച്ചു വൻ പ്രകടനമായാണ് യു.ഡി.എഫ് കൗൺസിലർമാരെത്തിയത്. മുൻ നഗരസഭ ചെയർമാന്മാരായ ഡി.സജിയും,​ കെ മഹേഷ് കുമാറും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. എൽ.ഡി.എഫ് നേതാക്കൾ വിട്ടുനിന്നു. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കൗൺസിലർമാരിലെ മുതിർന്ന അംഗമായ വാർഡ് 14ൽ നിന്നുള്ള എൻ.ഡി.എ കൗൺസിലർ മിനി ശിവദാസനായിരുന്നു. ബാക്കിയുള്ള കൗൺസിലർമാർക്ക് മിനി ശിവദാസൻ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. എൽ.ഡി.എഫ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മൂകമായിരുന്ന സദസ് യു.ഡി.എഫ് കൗൺസിലർമാർ,എൻ.ഡി.എ സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ ആവേശകരമായ മുദ്രാവാക്യമുയർത്തി. നഗരസഭ സെക്രട്ടറി സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു . സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ശേഷം 12ന് അടൂർ നഗരസഭ കോൺഫറൻസ് ഹാളിൽ ആദ്യ കൗൺസിൽ യോഗം നടന്നു.