(കഥയും കാഴ്ചയും) പടപേടിക്കാതെ പന്തളത്ത് പഴഞ്ചൊല്ലിലെ പാരഡി
പാരഡിപ്പാട്ടിന്റെ കാലമാണ്. പോറ്റിയെ ...കേറ്റിയേ... എന്ന പാരഡി ഗാനം പാർട്ടിക്ക് പാരയായെങ്കിലും നാട്ടിൽ താരമാണ്. ഇന്നലെ പെറ്റുവീണ കുഞ്ഞുപോലും ആ പാരഡി കേട്ടാലേ ഉറങ്ങുവെന്ന് വാശിപിടിക്കുന്ന മട്ടിലാണ് കാര്യങ്ങൾ. നാട്ടുകാരെ പാട്ടിലാക്കിയ പാരഡിപ്പാട്ടുകൾ പണ്ടേയുണ്ട്. സിനിമാപ്പാട്ടിന്റെ ഇൗണത്തിലുണ്ടായ മുദ്രാവാക്യപ്പാട്ടുകൾ മുതൽ നർമ്മത്തിന്റെ മർമ്മമറിഞ്ഞ പാരഡികൾ വരെ ഇഷ്ടംപോലെ . പാരഡിയുടെ ചാകരയുണ്ടാക്കിയ വി.ഡി.രാജപ്പൻ ഹിറ്രായത് പല പാട്ടുകൾ കൊണ്ടാണ്. പക്ഷേ പോറ്റിയെ കേറ്റിയേ പാട്ടെഴുതിയ നാദാപുരംകാരനായ ജി.പി.കുഞ്ഞബ്ദുള്ള ഒറ്റപ്പാട്ടുകൊണ്ടുതന്നെ കളംപിടിച്ചു.
കാര്യമെന്തൊക്കെയായാലും പഴഞ്ചൊല്ലിന് പാരഡിയുണ്ടാക്കിയതിന്റെ ക്രെഡിറ്റ് നമ്മുടെ നാടിനാണ്. പതിരില്ലാത്ത പഴഞ്ചൊല്ലുകൾ പലതുണ്ടെങ്കിലും അവയ്ക്ക് പാരഡിയുണ്ടാക്കാൻ മറ്റാരും തയ്യാറായിട്ടില്ല. പക്ഷേ 'പട പേടിച്ച് പന്തളത്തുചെന്നപ്പോൾ പന്തംകൊളുത്തിപ്പട 'എന്ന ചൊല്ലിന് പാരഡിയുണ്ടായി. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള എന്ന പാരഡിയുണ്ടാക്കിയത് ആരെന്നറിയില്ല.
പന്തളത്ത് പന്തംകൊളുത്തിപ്പടയെ കണ്ട ചൊല്ല് വെറുതെ ഉണ്ടായതല്ല. അതിന് ചരിത്രമുണ്ട്. പണ്ട് വേണാട് രാജാവായ മാർത്താണ്ഡവർമ്മ കായംകുളത്തിനെതിരെ യുദ്ധം തുടങ്ങി. പേടിച്ചരണ്ട നാട്ടുകാർ ജീവനുംകൊണ്ട് അവിടെനിന്നോടി. കായംകുളത്തുനിന്ന് ഇറവങ്കര വഴി അവർ പന്തളത്തെത്തിയപ്പോൾ അവിടെയും യുദ്ധം. വേണാട് രാജ്യത്തെ സൈന്യം പന്തളം രാജ്യത്തെ സൈന്യത്തോട് ഏറ്റുമുട്ടുന്നു. പാപിചെല്ലുന്നിടം പാതാളം എന്ന മട്ടിലുള്ള മറ്രൊരു ചൊല്ല് പന്തളത്തിന്റെ പേരിലുണ്ടായത് അങ്ങനെയാണത്രേ.
പിന്നീടാണ് ആ ചൊല്ലിന് പാരഡിയുണ്ടായത്. പന്തളം സ്വദേശിയായ ശ്രദ്ധേയനായ ഗായകൻ പന്തളം ബാലൻ ഗാനമേളകളിലൂടെ അരങ്ങുതകർക്കുന്ന കാലത്താണ് പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള എന്ന പാരഡിയുണ്ടായത്. ഒരുകാലത്ത് പന്തളം ബാലന്റെ ഗാനമേളയില്ലാത്ത ഉത്സവപ്പറമ്പുകളില്ല എന്ന സ്ഥിതിയായിരുന്നു. ബാലനെ സ്നേഹിച്ച സംഗീതാരാധകർ തന്നെയാണ് തമാശയായി പഴയ ചൊല്ലിന് പാരഡിയുണ്ടാക്കിയത്. ആ പാരഡി കേരളം മുഴുവൻ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പന്തളം ബാലൻ നിരവധി ചലച്ചിത്രങ്ങളിലും പാടി. ഇപ്പോഴും അദ്ദേഹം ഗാനമേളകളിൽ സജീവമാണ്.
പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള എന്ന പാരഡിയുണ്ടാക്കിയത് ആരെന്നറിയില്ല.
പന്തളത്ത് പന്തംകൊളുത്തിപ്പടയെ കണ്ട ചൊല്ല് വെറുതെ ഉണ്ടായതല്ല. അതിന് ചരിത്രമുണ്ട്.