ശ്രീനിവാസൻ - ജീവിതത്തെ സിനിമയാക്കിയ അതുല്യപ്രതിഭ : സ്വാമി ശുഭാംഗാനന്ദ

Monday 22 December 2025 12:23 AM IST

ശിവഗിരി: മനുഷ്യന്റെ ജീവിതത്തെയും പ്രത്യാശയെയും സ്വപ്നത്തെയും ഇത്രമേൽ സമഗ്രമായി പ്രതിപാദിക്കുകയും ആവിഷ്കരിക്കുകയും ചെയ്ത മറ്റൊരു കലാകാരൻ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ശ്രീനിവാസനോളം ഉണ്ടായിട്ടില്ലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സിനിമയെ ജീവിതവും ജീവിതത്തെ സിനിമയും ആക്കിയ വലിയൊരു പ്രതിഭയായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ചിന്തയും എഴുത്തും സിനിമയും മലയാളത്തിന്റെ മഹിമയെ ഉയർത്തുന്നതും ജീവിതത്തിന്റെ ശരിയായ മൂല്യത്തെ ജനഹൃദയങ്ങളിലേക്ക് ആഴത്തിൽ ചേർത്തുവയ്ക്കുന്നതുമായിരുന്നു. സമൂഹത്തെ ബാധിക്കുന്ന ഏത് പ്രശ്നങ്ങളെയും അത് രാഷ്ട്രീയപരമായാലും സാംസ്കാരികപരമായാലും ചരിത്രപരമായാലും എതിർപക്ഷത്ത് ആരെന്നു നോക്കാതെ വിമർശിച്ചു. അവയുണ്ടാക്കുന്ന സങ്കീർണത അതിജീവിക്കാനുള്ള സന്ദേശവും ശൈലിയും രൂപപ്പെടുത്തി സിനിമയെ വലിയൊരു മാദ്ധ്യമമാക്കി മാറ്റിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. താൻ വിശ്വസിക്കുന്ന പ്രമാണങ്ങളിൽ നിന്നും തത്ത്വചിന്തകളിൽനിന്നും അണുവിടപോലും മാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മനുഷ്യൻ ആത്യന്തികമായി ഒന്നാണെന്ന ഗുരുദേവദർശനവും ചിന്തയും അദ്ദേഹത്തെ എല്ലായ്പ്പോഴും സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിലൂടെ നയമറിയുന്ന ഒരു കലാകാരനെയാണ് നമുക്ക് നഷ്ടമായത്.