'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്ട്രീയമുണ്ട്', ​ വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് ഹരീഷ് പേരടി

Sunday 21 December 2025 11:33 PM IST

അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് കേരളം ഇന്ന് കണ്ണിരോടെ വിട നൽകി. ഇന്ന് രാവിലെ 11.30ന് ഉദയംപേരൂർ കണ്ടനാട് പാലാഴി വീട്ടുവളപ്പിൽ ശ്രീനിവാസനെ അഗ്നിനാളങ്ങൾ ഏറ്റുവങ്ങി. സംസ്കാര ചടങ്ങിനിടയിൽ പാലാഴി വീട് വൈകാരിക മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അച്ഛന്റെ മൃതദേഹത്തിനരികിൽ വിങ്ങിപ്പൊട്ടിക്കരയുന്ന മക്കളായ വിനീത് ശ്രീനിവാസന്റെയും ധ്യാൻ ശ്രീനിവാസന്റെയും ചിത്രം വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ ഒരു രാഷ്ട്രീയമുണ്ടെന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി.

ഈ മക്കളുടെ പൊട്ടികരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്.. .ഒരു അച്ഛൻ മക്കൾക്ക് നൽകുന്ന സ്വാതന്ത്ര്യത്തിന്റെ രാഷ്‌ട്രീയം ...ജീവിക്കുന്ന കാലത്ത് മക്കളെ തന്റെ ഇഷ്‌ടങ്ങളുടെ അടിമകളാക്കാതെ...തന്നോട് തർക്കിക്കാനും വിയോജിക്കാനും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന രാഷ്‌ട്രിയം...അങ്ങിനെയുള്ളവർ മരിക്കുമ്പോൾ സ്വാതന്ത്ര്യം രുചിച്ച മക്കൾ ഇങ്ങിനെ പൊട്ടിക്കരയുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ അനുഭവും ഹരീഷ് പേരടി പങ്കുവച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത, എനിക്ക് രാഷ്‌ട്രീയം പറഞ്ഞ് തർക്കിക്കാൻ അവസരം തന്ന എന്നെക്കാൾ 46 വയസ് വ്യത്യാസമുള്ള എന്റെ അച്ഛൻ എന്റെ ഇരുപതാമത്തെ വയസിൽ മരിക്കുമ്പോൾ ഞാൻ പൊട്ടിപൊട്ടി കരഞ്ഞിരുന്നു...ഇഷ്‌ടപ്പെട്ട നാടകം കളിച്ച് ജീവിക്കാൻ കാവൽ നിന്ന...ഒരു വരുമാനവുമില്ലാത്ത കാലത്ത് അന്യജാതിയിൽപ്പെട്ട ഇഷ്‌ടപ്പെട്ട പെൺകുട്ടിയുടെ കൈയും പിടിച്ച് വീട്ടിലേക്ക് കയറി വരുമ്പോൾ അവളെ വിളക്കും താലവും എടുത്ത് കെട്ടിപ്പിടിച്ച് സ്വീകരിച്ച എന്റെ അമ്മ മരിച്ചപ്പോൾ ഞാൻ കുളൂർ മാഷേയും മധുമാഷേയും സുധാകരേട്ടനേയും കെട്ടിപ്പിടിച്ച് ആർത്താർത്ത് കരഞ്ഞിരുന്നു...ആ സ്വാതന്ത്ര്യത്തിന്റെ കണ്ണീരാണ് നമ്മുടെ ജീവിതത്തിന്റെ വേരുകൾക്ക് ആത്മബലം നൽകുന്നത് ...ഉറക്കെ കരയുക...സ്വതന്ത്രരാവുക...- പേരടി പറഞ്ഞു.